''സർ മറ്റൊരു മാർഗവുമില്ല...ലോകം മൊത്തം ഞാൻ തപ്പി നടന്നു'', കഴിഞ്ഞ ദിവസം തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിൽ ഒരു കോളെത്തി

Wednesday 17 May 2023 8:51 AM IST

കോട്ടയം: 'സർ മറ്റൊരു മാർഗവുമില്ല...ലോകം മൊത്തം ഞാൻ തപ്പി നടന്നു, സഹായിക്കണം. കഴിഞ്ഞ ദിവസം ഉച്ചയ‌്ക്ക് തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിൽ ഒരു ഫോൺ കോൾ എത്തി. തൃക്കൊടിത്താനം സ്വദേശിയായ അജിത്തിന്റേതായിരുന്നു ആ കോൾ. പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്റെ ഭാര്യയ‌്ക്ക് വേണ്ടിയായിരുന്നു പൊലീസിന്റെ സഹായം അജിത്ത് തേടിയത്. യുവതിക്ക് ഉടനടി രക്തം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പലയിടത്തും അന്വേഷിച്ചിട്ടും കിട്ടാത്തതിനാലാണ് പൊലീസിന്റെ സഹായം അജിത്ത് തേടിയത്. തുടർന്ന് നടന്നതെന്താണെന്ന് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്.

പൂർണരൂപം വായിക്കാം-

''മേയ് 16 നു രാവിലെയാണ് തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് തിരുവല്ല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടനടി രക്തം സംഘടിപ്പിക്കണമെന്ന് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ അറിയിച്ചു. അത്ര സുലഭമല്ലാത്ത ഒ നെഗറ്റീവ് ആയിരുന്നു യുവതിയുടെ ബ്ലഡ് ഗ്രൂപ്പ്. അടിയന്തിരമായി എത്തിച്ചതിനാൽ രക്തം നൽകാമെന്ന് സമ്മതിച്ചിരുന്നവർക്ക് ആശുപത്രിയിൽ എത്താൻ കഴിഞ്ഞതുമില്ല.


രാവിലെ ഒമ്പത് മണിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് രക്തം അന്വേഷിച്ച് ഭർത്താവ് അജിത്ത് ഉച്ചയ്ക്ക് 12 മണിവരെ പലയിടങ്ങളിലും അലഞ്ഞു. പലരെയും വിളിച്ചു. ഒരിടത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആകെ നിരാശനായി നിന്നപ്പോഴാണ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഒന്നു വിളിച്ചനോക്കാം എന്ന് തോന്നിയത്. ആരോ നൽകിയ നമ്പരിൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. ലൈനിൽ കിട്ടിയത് തിരുവല്ല പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സുനിൽ കൃഷ്ണനെയാണ്. കാര്യം തിരക്കിയ ഇൻസ്‌പെക്ടറോട് അജിത്ത് വിവരം പറഞ്ഞു.

'സർ മറ്റൊരു മാർഗ്ഗവുമില്ല...ലോകം മൊത്തം ഞാൻ തപ്പി നടന്നു...ഒ നെഗറ്റീവ് ആണ്... ഒരിടത്തും കിട്ടാനില്ല'. തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഇൻസ്‌പെക്ടർ ഫോൺ കട്ട് ചെയ്തു.


പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന അജിത്തിന്റെ മുന്നിലേയ്ക്ക് പത്ത് മിനിറ്റിനുളളിൽ തിരുവല്ല ഇൻസ്‌പെക്ടറുടെ പൊലീസ് വാഹനമെത്തി. വാഹനത്തിൽ നിന്നിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു 'ഒ നെഗറ്റീവ് ആണ്, എവിടെയാ ബ്ലഡ് ബാങ്ക്....'


നിങ്ങൾക്ക് അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരളാ പോലീസിന്റെ പോൽബ്ലഡ് സംവിധാനം ഉപയോഗിക്കാം. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽആപ്പിലൂടെ നടപ്പിലാക്കിയിരിക്കുന്ന സംവിധാനമാണ് പോൽബ്ലഡ്. രക്തദാതാക്കളെയും രക്തം ആവശ്യമുളളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ആയി പോൽബ്ലഡ് പ്രവർത്തിക്കുന്നു. രക്തദാനത്തിനും നിങ്ങൾ തയ്യാറായാൽ മാത്രമേ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കാൻ കഴിയൂ എന്നതും വിനീതമായി ഓർമിപ്പിക്കുന്നു.''

Advertisement
Advertisement