തിരുവനന്തപുരത്ത് ഡബിൾ ഡോർ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നഗരൂർ കടവിളയിൽ പുല്ലുതോട്ടം നാണി നിവാസിൽ ഗിരിജ സത്യനാണ് (59) ദേഹമാസകലം പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ ഗിരിജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഗിരിജ വീടിന് പുറത്ത് നിൽക്കുകയായിരുന്നു. എൽ പി ജി ഗ്യാസ് ലീക്കായ മണം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അടുക്കള വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചത്. ഉടൻ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ഡബിൾ ഡോർ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
ഗ്യാസ് ലീക്കായതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്രിഡ്ജിന്റെ കംപ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ നവംബറിൽ ഫ്രിഡ്ജിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ ഊരപാക്കത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരുന്നു.