സാഫ് കപ്പ് ഫുട്ബാൾ : ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ
ബെംഗളൂരു: അടുത്ത മാസം ബെംഗളൂരുവിൽ നടക്കുന്ന സാഫ് കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ മത്സരിക്കും. ഗ്രൂപ്പ് എയിൽ ഇന്ത്യയെയും പാകിസ്ഥാനെയും കൂടാതെ കുവൈത്ത്, നേപ്പാൾ എന്നീ ടീമുകളുമുണ്ട്. ജൂൺ 21 മുതൽജൂലായ് നാല് വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ജൂൺ 21നാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം.
ഗ്രൂപ്പ് ബിയിൽ ലെബനൻ, മാലിദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ ടീമുകൾ മത്സരിക്കും. ഗ്രൂപ്പ് മത്സരങ്ങൾ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് നടക്കുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും. ആകെ എട്ട് ടീമുകളാണ് ടൂർണമെന്റിലുള്ളത്.
സൗത്ത് ഏഷ്യൻ രാജ്യങ്ങളല്ലാത്ത ലെബനനും കുവൈത്തും പ്രത്യേക ക്ഷണിതാക്കളായാണ് പങ്കെടുക്കുന്നത്. ടൂർണമെന്റിൽ ഏറ്റവുമുയർന്ന റാങ്കിലുള്ള ടീം 99-ാം സ്ഥാനത്തുള്ള ലെബനനാണ്. ഇന്ത്യ 101-ാം റാങ്കിലാണ്. പാകിസ്ഥാനാണ് റാങ്കിംഗിൽ ഏറ്റവും പുറകിലുള്ള രാജ്യം. 195-ാം സ്ഥാനത്താണ് പാകിസ്ഥാൻ.
ഇന്ത്യ-പാക് മത്സരം ജൂണ്‍ 21 ന് നടക്കും. ഉദ്ഘാടന മത്സരത്തില്‍ കുവൈത്ത് നേപ്പാളിനെ നേരിടും. 2018 സാഫ് കപ്പ് സെമിയിലാണ് ഇന്ത്യ അവസാനമായി പാകിസ്താനെ നേരിട്ടത്. അന്ന് ഇന്ത്യ 3-1 ന് വിജയം നേടിയിരുന്നു. പക്ഷേ ഫൈനലില്‍ മാലിദ്വീപിനോട് പരാജയപ്പെട്ടു. ഇന്ത്യ എട്ടുതവണ സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയിട്ടുണ്ട്.