കൊല്ലം മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പൂർണമായും അണച്ചു, ഇടിമിന്നലിൽ തീപടർന്നതെന്ന് വിവരം

Thursday 18 May 2023 8:21 AM IST

കൊല്ലം: ഉളിയക്കോവിലിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പൂർണമായും അണച്ചു. ഇന്നലെ രാത്രിയായിരുന്നു തീപിടിത്തമുണ്ടായത്. ഇതിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീ അണച്ചത്.

ഗോഡൗണിൽ ബ്ളീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്നിടത്താണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇവിടെ അഗ്നിരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രിയുണ്ടായ ഇടിമിന്നലിൽ ബ്ളീച്ചിംഗ് പൗഡറിന് തീപിടിക്കുകയായിരുന്നെന്ന് ഗോഡൗണിലെ സെക്യൂരിറ്റി പറഞ്ഞു. കെട്ടിടത്തിലെ പുറം ഭാഗത്തായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റിലേയ്ക്ക് തീപടർന്നതാണ് വലിയ അപകടത്തിന് കാരണമായത്. മരുന്ന് സംഭരണ കേന്ദ്രത്തിലെ ജീവനക്കാരുടെ വാഹനങ്ങൾ അടക്കം പൂർണമായി കത്തി നശിച്ചു.

അതിനിടെ തീപിടിത്തത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ സമീപവാസികളായ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് സൂക്ഷിക്കാനുള്ള സൗകര്യങ്ങളുള്ള കെട്ടിടമല്ല ഇതെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ ഫയർഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement