ബ്രഹ്മപുരത്തെ വിഷ മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിക്കും, നടപടി ജലാശയങ്ങൾ വിഷമയമാകാൻ സാദ്ധ്യതയുള്ളതിനാൽ

Thursday 18 May 2023 11:42 PM IST

കൊച്ചി:ബ്രഹ്മപുരത്തെ മാലിന്യങ്ങളിൽ ബാക്കിയായവ ശാസ്ത്രീയമായി തരം തിരിക്കാനുള്ള നടപടികൾക്ക് ഉടൻ തുടക്കമാകും. ദേശീയ ഹരിത ട്രൈബ്യൂണൽ സർക്കാരിന് അനുമതി നൽകിയതോടെയാണ് മാലിന്യ പ്ളാന്റിൽ 'ക്യാപ്പിംഗ് നടത്തുക. പന്ത്രണ്ട് ദിനങ്ങൾ വിഷപ്പുകയിൽ കൊച്ചി നഗരത്തെ മൂടിയ തീപിടിത്തത്തിൽ ബാക്കിയായ ചാരമുൾപ്പെടെയുള്ളവ വെള്ളം ഇറങ്ങാത്ത രീതിയിൽ മണ്ണിട്ട് മൂടും. മൺസൂൺ മഴയിൽ സമീപത്തുള്ള കടമ്പ്രയാറിലേക്ക് വിഷംകലർന്ന മലിന ജലം ഒഴുകിയെത്താതിരിക്കാനാണ് മുൻകരുതൽ. പ്ലാസ്റ്റിക് കത്തിയ ചാരവും മണ്ണും കൂടിക്കലർന്ന് ഏകദേശം 95923 മെട്രിക്ട് ടണ്ണുണ്ടെന്നാണു കണ്ടെത്തൽ.

ജലാശയങ്ങൾ വിഷമയമാക്കാൻ സാദ്ധ്യതയുള്ളതിനാലാണ് തൽക്കാലത്തേക്ക് ഈ ഭാഗം 'ക്യാപ്പിംഗ്' നടത്താൻ ട്രൈബ്യൂണൽ അനുവദിച്ചത്. ചാരവും കെട്ടിക്കിടക്കുന്ന മാലിന്യവും വേർതിരിച്ചു നീക്കം ചെയ്യാൻ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് സർക്കാർ വിശദീകരിച്ചപ്പോഴാണ് ട്രൈബ്യൂണലിന്റെ അനുമതി. മഴക്കാലത്തിനു ശേഷം ചാരം കലർന്ന ഈ മണ്ണിലെ മറ്റു വസ്തുക്കൾ നീക്കം ചെയ്ത ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കും..

ബയോമൈനിംഗ് നടത്തി വേർതിരിച്ചെടുക്കുന്ന മണ്ണ് ദേശീയ പാത വികസനത്തിനുൾപ്പെടെ ഉപയോഗിക്കുമെന്നു സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. ഹാനികരമായ മാലിന്യം ക്യാപ്പിംഗ് രീതിയിൽ കുഴിച്ചു മൂടണമെന്ന് വിദഗ്ദ്ധ സാങ്കേതിക സമിതി സർക്കാരിനു ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം ബയോമൈനിംഗ് നടത്താൻ സോണ്ട ഇൻഫ്രാടെക്കിനു നൽകിയ കരാർ സർക്കാർ റദ്ദാക്കും. അടിയന്തരമായി ബയോമൈനിംഗ് നടത്താൻ റീ ടെൻഡർ വിളിക്കും. നിലവിലുള്ള കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും രണ്ടര മാസത്തിനകം പുതിയ കരാർ നൽകുമെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചു.