ഐ.ജി പി.വിജയന് സ‌സ്‌പെൻഷൻ

Friday 19 May 2023 12:30 AM IST

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ഐ.ജി പി.വിജയനെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കേരള പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന വിജയനെ കഴിഞ്ഞ മാസം തത്‌സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.

പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാളുടെ തീപ്പൊള്ളലേറ്റ ചിത്രം ഉൾപ്പെടെ പ്രചരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ഷാറൂഖ് സെയ്ഫിയെ മുംബയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി വിജയനും ഗ്രേഡ് എസ്.ഐ മനോജ് കുമാറും ബന്ധപ്പെട്ടിരുന്നതായി എ.ഡി.ജി.പി അജിത് കുമാറിന്റെ റിപ്പോർട്ടിൽ പറയുന്നു.

രഹസ്യമായി എത്തിക്കേണ്ട പ്രതിയുടെ വിവരങ്ങൾ പുറത്തുവന്നത് വലിയ സുരക്ഷാ വീഴ്ചയാണ്. റിപ്പോർട്ടിൻമേലുള്ള തുടരന്വേഷണം എ.ഡി.ജി.പി പദ്മകുമാർ നടത്തും. അതേസമയം സേനയിലെ ആഭ്യന്തര കലഹമാണ് സസ്‌പെൻഷന് പിന്നിലെന്നും ആക്ഷേപമുണ്ട്.