സംസ്ഥാനത്ത് രണ്ടിടങ്ങളിൽ കാട്ടുപോത്തിന്റെ ആക്രമണം; മൂന്ന് പേർ മരിച്ചു, നാട്ടുകാരും വനപാലകരും തമ്മിൽ സംഘർഷം

Friday 19 May 2023 11:51 AM IST

കൊല്ലം\കോട്ടയം: സംസ്ഥാനത്ത് ഇന്ന് രണ്ടിടങ്ങളിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. കോട്ടയം എരുമേലിയിൽ രണ്ട് പേരാണ് മരിച്ചത്. എരുമേലി പുറത്തേൽ ചാക്കോച്ചൻ (70), പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് ദാരുണമായി മരിച്ചത്. ചാക്കോച്ചൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് ചികിത്സയിൽ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസാണ് (64) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ സാമുവലിനെ കാട്ടുപോത്ത് പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് എരുമേലിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മിൽ സംഘർഷം തുടരുകയാണ്. സ്ഥിരമായി ഈ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടും വനപാലകർ നടപടിയെടുത്തിരുന്നില്ലയെന്നാണ് നാട്ടുകാർ പറയുന്നത്.