വിജയത്തിളക്കത്തിനിടയിലും വേദനയായി സാരംഗ്, പത്താംക്ളാസിൽ എല്ലാ വിഷയത്തിനും എ പ്ളസോടെ വിജയം, അതും ഗ്രേസ് മാർക്കില്ലാതെ

Friday 19 May 2023 4:59 PM IST

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്‌ച രാവിലെ മരണമടഞ്ഞ പതിനാറുകാരൻ സാരംഗിന് ഇന്ന് എസ്‌എസ്‌എൽസി ഫലം വന്നപ്പോൾ മിന്നുന്ന വിജയം. എസ്‌എസ്‌എൽ‌സി ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി , സാരംഗിന്റെ വിജയം പ്രത്യേകം എടുത്തുപറഞ്ഞു. മരണത്തിലും പത്തുപേർക്ക് ജീവനേകിയ ആറ്റിങ്ങൽ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായിരുന്ന ബി.ആർ സാരംഗ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയാണ് പാസായത്. അതും ഗ്രേസ് ‌മാർക്കില്ലാതെ. 122913 ആയിരുന്നു സാരംഗിന്റെ രജിസ്‌ട്രേഷൻ നമ്പർ.

'വലിയ ഫുട്‌ബോൾ താരമായിരുന്നു സാരംഗ്. ദു:ഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. ആറുപേർക്കാണ് അവയവങ്ങൾ ദാനം ചെയ്‌‌തത്. കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഖത്തിൽ പങ്കുചേരുന്നു' വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനായിരുന്നു സാരംഗ്. മേയ് ആറിന് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ യാത്രചെയ്യുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനടുത്തുവച്ചാണ് അപകടമുണ്ടായത്. റൊണാൾഡോയെ ഇഷ്‌ടപ്പെട്ടിരുന്ന സാരംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓർമ്മ തെളിഞ്ഞപ്പോൾ ഫുട്‌ബോൾ കിറ്റ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വിദേശത്തുള്ള ബന്ധു നൽകിയ ജഴ്‌സിയുമണിയിച്ചാണ് സാരംഗിന്റെ ശരീരം പൊതുദർശനത്തിനെത്തിച്ചത്. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ എന്നിങ്ങനെ ഭാഗങ്ങൾ ദാനം നൽകാൻ മാതാപിതാക്കൾ സമ്മതം നൽകിയതിന്റെ നടപടികൾക്കിടെയാണ് എസ്എസ്‌എൽ‌സി ഫലം പ്രഖ്യാപിച്ചത്.

Advertisement
Advertisement