എ ഐ ക്യാമറ ഇടപാട്; കരാറുകളെല്ലാം സുതാര്യം, കെൽട്രോണിന് വീഴ്ച വന്നിട്ടില്ലെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്

Friday 19 May 2023 9:12 PM IST

തിരുവനന്തപുരം: വിവാദമായ എ ഐ ക്യാമറ ഇടപാടിൽ കെൽട്രോൺ നൽകിയ കരാറുകളെല്ലാം സുതാര്യമായിരുന്നുവെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്. കരാർ നൽകുന്നതിൽ കെൽട്രോണിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണങ്ങൾ തള്ളുന്നതാണ് റിപ്പോർട്ട്. എസ്ആർഐടി ഉപകരാറിലേർപ്പെട്ട കമ്പനികളെക്കുറിച്ച് കെൽട്രോൺ അറിഞ്ഞിരിക്കേണ്ടെന്നും ഡാറ്റാ സുരക്ഷ ഒഴികെയുള്ളവയ്ക്ക് കരാർ നൽകാനുള്ള അധികാരം കെൽട്രോണിൽ നിക്ഷിപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെൽട്രോണിന്റെ ടെൻഡർ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപകരാർ നൽകിയതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ടെക്‌നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ കെെമാറിയത്. സേഫ് കേരളയ്ക്കുള്ള ടെൻഡ‌ർ നടപടികൾ സി ഡബ്ലിയു സി മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാർ നൽകാവുന്നതാണ്. ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.