സാരംഗേ,​ നീയാണ് താരം, ഫുൾ എ പ്ലസ് എന്നറിയാതെ മടക്കം

Saturday 20 May 2023 12:11 AM IST

ആറ്റിങ്ങൽ: ബൂട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയും അണിയിച്ച് സാരംഗിന്റെ ചേതനയറ്റ ശരീരം പഠിച്ച സ്കൂളിന്റെ മുറ്റത്ത്. ഇതേസമയത്ത് മന്ത്രി ശിവൻകുട്ടിയുടെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം,​ ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയത്തിനും അവന് എ പ്ലസ്. മന്ത്രിയും വിതുമ്പിപ്പോയി...

പഠനത്തിനൊപ്പം ഫു‌ട്ബാളിനെയും പ്രണയിച്ച സാരംഗ് കഴി‍ഞ്ഞ 6ന് അമ്മയ്ക്കൊപ്പം സഞ്ചരിക്കവേ ആറ്റിങ്ങൽ തോട്ടക്കാട് ഓട്ടോ മറിഞ്ഞ് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. സാരംഗിന്റെ അവയവങ്ങൾ പത്തുപേർക്ക് ദാനം ചെയ്യാനായി മാറ്റിയ ശേഷം ഇന്നലെ ഉച്ചയ്ക്കാണ് ബന്ധുക്കൾ ശരീരം ഏറ്റുവാങ്ങിയത്. കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി സാരംഗിന്റെ ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു.

സാരംഗ് ഓടിനടന്ന ആറ്റിങ്ങൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം നടക്കുമ്പോഴായിരുന്നു എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം. സാരംഗിന്റെ ഉജ്ജ്വല വിജയം കൂടി അറിഞ്ഞതോടെ,​ അദ്ധ്യാപകരും സഹപാഠികളും എല്ലാ നിയന്ത്രണവും വിട്ട് കരഞ്ഞു.

സ്കൂളിൽ നിന്ന് കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജം വീട്ടിൽ ശരീരം എത്തിച്ചപ്പോഴും കൂട്ട നിലവിളി ഉയർന്നു. അമ്മ രജനി,​ ഫുട്ബാൾ കളിച്ച് അവൻ നേടിയ കപ്പ് കൈയിൽപ്പിടിച്ച് സല്യൂട്ട് നൽകിയാണ് യാത്രയാക്കിയത്. അച്ഛൻ ബനീഷ്‌കുമാർ ചേതനയറ്റ പോലെ തളർന്നിരുന്നു. ചിത്രകലാകാരനാണ് ഇദ്ദേഹം. സഹോദരൻ യശ്വന്ത്.

മികച്ച ഒരു ഫുട്ബാൾ കളിക്കാരൻ ആകണമെന്നായിരുന്നു സാരംഗിന്റെ ആഗ്രഹം. റൊണാൾഡോ ആയിരുന്നു ഇഷ്ടതാരം. വിദ്യാർത്ഥികൾക്കായി കേരള ബ്ളാസ്റ്റേഴ്സ് ആറ്റിങ്ങൽ മാമത്ത് നടത്തുന്ന പരിശീലനക്കളരിയിൽ പങ്കെടുത്തുവരവെയായിരുന്നു അകാല വേർപാട്.

തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയവേ ഓർമ്മ തെളിഞ്ഞപ്പോൾ സാരംഗ് ഫുട്ബാൾ കിറ്റ് ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള ബന്ധു വാങ്ങി നൽകിയ ജഴ്‌സിയാണ് അവസാനം അണിയിച്ചത്. പുത്തൻ ഫുട്ബോളും നെഞ്ചോട് ചേർത്ത് വച്ചിരുന്നു.

കേരളത്തിലെ കുട്ടികൾക്ക് ഊർജവും പ്രേരണയും നൽകുന്ന സന്ദേശമാണ് സാംരഗിന്റേത്. നല്ലൊരു ഫുട്ബാൾ താരമായിരുന്നു. തീരാദുഃഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

- മന്ത്രി വി.ശിവൻകുട്ടി