ഐ.ജി. പി വിജയനെതിരെ സ്വീകരിച്ച സസ്പെൻഷൻ റദ്ദാക്കണം
Sunday 21 May 2023 12:55 AM IST
കൊച്ചി: സമൂഹത്തിനോ ഭരണസംവിധാനങ്ങൾക്കോ മനസിലാവുന്ന കാരണങ്ങൾ പറയാതെ ഐ.ജി. പി വിജയനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച സസ്പെൻഷൻ നടപടി റദ്ദാക്കുന്നതിന് കേന്ദ്ര പേഴ്സണൽ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും ആൾ ഇന്ത്യ ബാക്ക്‌വേർഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ വി.ആർ.ജോഷി ആവശ്യപ്പെട്ടു.
സാധാരണ ജനങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും പ്രാരാബ്ധങ്ങളും അനുഭവിച്ചറിഞ്ഞ ഉദ്യോഗസ്ഥനാണ് വിജയൻ. ഇലത്തൂർ ട്രെയിൻ തീവെപ്പുകേസിൽ ഉണ്ടാകുമായിരുന്ന അന്വേഷണ അട്ടിമറി തടയുന്നതിൽ വിജയൻ ശ്രദ്ധിച്ചിട്ടുണ്ടാവും. ആത്മാർത്ഥതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കും ഇത്തരം സസ്പെൻഷനുകളെന്നും വി.ആർ.ജോഷി പറഞ്ഞു.