അതി​ജീവന അടുക്കളയിൽ വരുമാനം ഒരു ലക്ഷം,​ ഹിറ്റായി 'ഫ്രം ദി കിച്ചൺ" ഓൺലൈൻ സംരംഭം

Sunday 21 May 2023 4:48 AM IST

വിജയ വനിതകൾ...ഓൺലൈൻ വഴി ഭക്ഷണം വിതരണം ചെയ്ത്ത് വിജയിച്ച അമ്മ രാജി ശക്തിയും മകൾ അമൃത ശക്തിയും

കൊച്ചി: പുലർച്ചെ നാലിന് മുമ്പേ ഉണരുന്ന ആലുവ കടുങ്ങല്ലൂർ പാലത്തിങ്കൽ വീട്ടിലെ അതിജീവന അടുക്കളയിലെ മാസ വരുമാനം ഒരു ലക്ഷം രൂപയാണ്. കൊവിഡ് കാലത്ത് തുടങ്ങിയ 'ഫ്രം ദി കിച്ചൺ" ഓൺലൈൻ ഭക്ഷണസംരംഭമാണ് അമൃത ശക്തിയുടെയും (21) അമ്മ രാജി ശക്തിയുടെയും തലവരമാറ്റിയത്.

പച്ചക്കറി അരിയലും പാചകവുമെല്ലാം ഇവർ തന്നെയാണ് ചെയ്യുന്നത്. ചുട്ടെടുക്കുന്ന ദോശയും മസാല ദോശയും അപ്പവും കറികളുമെല്ലാം പൊതികളാക്കുന്നത് രാജിയാണ്. രാവിലെ ഏഴോടെ ഭക്ഷണപ്പൊതികൾ സഞ്ചിയിലാക്കി അമൃത വീട്ടിൽ നിന്നിറങ്ങും. തുടർന്ന് ആലുവയിൽ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ഫ്ളാറ്റിലെത്തി കൈമാറും. പിന്നെ ബസിൽ പാലാരിവട്ടത്തെ ഏവിയേഷൻ അക്കാഡമിയിലേക്ക്. ഒമ്പതു മണിക്ക് ക്ളാസ് തുടങ്ങും. ഒന്നാം വർഷ ബി.ബി.എ ഏവിയേഷൻ വിദ്യാർത്ഥിയാണ് അമൃത.

25 പേർക്കുള്ള മെസാണ് അമൃതയും കുടുംബവും നടത്തുന്നത്. രണ്ട് ഫുഡ് ഡെലി​വറി​ ഏജൻസി​കളി​ലെ ഓർഡറുമുണ്ട്. ഉച്ചയ്ക്ക് കോളേജിൽ നിന്ന് വന്ന ശേഷം വൈകിട്ടുള്ള ആഹാരവുമായി വീണ്ടുമിറങ്ങും. മടങ്ങിയെത്തിയ ശേഷമാണ്പഠനം. തുടർന്ന് പച്ചക്കറി അരിയാനും മാവ് അരയ്ക്കാനുമെല്ലാം അമ്മയ്ക്കൊപ്പം കൂടും. പുലർച്ച 4 മുതൽ രാത്രി 12 മണിവരെ ഈ അടുക്കള ഉഷാറാണ്. ഉച്ചയ്ക്ക് 2.30 മുതൽ 3 വരെ മാത്രമാണ് വിശ്രമം.

 ജോലി പോയി, രക്ഷയായത് പാചകം

എഡ്യൂക്കേഷൻ കൗൺസലറായിരുന്ന രാജിക്ക് കൊവിഡിൽ ജോലി നഷ്ടപ്പെട്ടപ്പോഴാണ് പാചകത്തി​ലേക്ക് തി​രി​ഞ്ഞത്. 'ഫ്രം ദി കിച്ചൺ" ഓൺലൈൻ സംരംഭം എന്ന ആശയവും രാജിയുടേതാണ്. എന്നാൽ തുടക്കത്തിൽ ഓർഡറുകൾ കുറവായിരുന്നു. ഇപ്പോൾ ദിവസവും 100 ഓർഡറുകൾ വരെ ലഭിക്കും. തൃശൂരിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ശക്തിധരനും മകൻ അമൽ ശക്തിയും ഒഴിവുസമയത്ത് സഹായത്തിനുണ്ടാകും.

തയ്യാറാക്കുന്ന ഭക്ഷണങ്ങൾ  ഇഡ്ഡലി​, ദോശ, പുട്ട്, അപ്പം, ഊണ്  വിവിധ തരം ചായ, കാപ്പി​  ബിരിയാണി, ഫ്രൈഡ് റൈസ്  മസാലദോശ  സാൻഡ്‌വിച്ച്

'ക്ളാസി​ലേക്ക് കുറച്ച് നേരത്തേ ഇറങ്ങണമെന്നേയുള്ളൂ. അമ്മയും അച്ഛനും അദ്ധ്വാനിക്കുമ്പോൾ അതിൽ നമ്മളെക്കൊണ്ട് സാധിക്കുന്ന സഹായം ചെയ്യുന്നു".

- അമൃത ശക്തി

'ഞായറാഴ്ചകളിലും അവൾ വെറുതെ ഇരിക്കില്ല. ചില ദിവസങ്ങളിൽ അവൾ ഡെലിവറിക്ക് പോകുമ്പോൾ വിഷമം വരാറുണ്ട്".

- രാജി ശക്തി