കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം, പ്രിൻസിപ്പലിനെ നീക്കി, കേസുമായി വാഴ്‌സിറ്റി
ഡോ. ജി.ജെ. ഷൈജുവിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ നേതാവിനെ തിരുകിക്കയറ്റിയ പ്രിൻസിപ്പൽ-ഇൻ-ചാർജ് ഡോ. ജി.ജെ. ഷൈജുവിനെ തത‌്സ്ഥാനത്ത് നിന്ന് നീക്കി. ജീവനക്കാർക്ക് ശമ്പളം നൽകാൻ വാഴ്സിറ്റി നൽകിയിരുന്ന ഡി.ഡി.ഒ ചുമതലയും റദ്ദാക്കി. ക്രമക്കേട് കാട്ടിയതിന് സസ്പെൻഷനടക്കം ശിക്ഷാ നടപടി സ്വീകരിച്ച് വാഴ്സിറ്റിയെ അറിയിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മാനേജ്മെന്റിനോട് സിൻഡിക്കേറ്റ് നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കോളേജിന്റെ അംഗീകാരം റദ്ദാക്കും. പരീക്ഷയടക്കം സർവകലാശാലയുടെ എല്ലാ ചുമതലകളിൽ നിന്നും 5 വർഷത്തേക്ക് ഷൈജുവിനെ ഒഴിവാക്കി. ആൾമാറാട്ടത്തിന് ക്രിമിനൽ കേസെടുക്കണമെന്ന് പൊലീസിന് റിപ്പോർട്ട് നൽകാൻ രജിസ്ട്രാറെ സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.
റിട്ടേണിംഗ് ഓഫീസർ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരുകിക്കയറ്റിയ വിദ്യാർത്ഥി വിശാഖ് എന്നിവരുടെ പങ്ക് അന്വേഷിച്ച് സർവകലാശാലയ്ക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാനുള്ള ശുപാർശ ഒരാഴ്ചയ്ക്കം നൽകാൻ രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ വിവരങ്ങൾ നൽകിയത് സർവകലാശാലയെ കബളിപ്പിക്കലാണെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. അദ്ധ്യാപകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഷൈജു ചെയ്തത്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി.
എല്ലാ കോളജുകളിൽ നിന്നും അയച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ ലിസ്റ്റ് പരിശോധിക്കും. പരാതികൾ അറിയിക്കാൻ സംവിധാനമൊരുക്കും. അതിനു ശേഷമായിരിക്കും യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുക. വിശാഖിന്റെ പേര് ഉൾപ്പെടുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദാക്കി. ഇനി മുതൽ തിരഞ്ഞെടുപ്പിന്റെ പിറ്റേന്നുതന്നെ ഫലം വാഴ്സിറ്റിയെ അറിയിക്കണം. കാട്ടാക്കട കോളേജിലെ തിരഞ്ഞെടുപ്പ് പൂർണ്ണമായി റദ്ദാക്കില്ല. തിരഞ്ഞെടുപ്പ് മാറ്റിവച്ചതു കാരണമുണ്ടായ നഷ്ടം അദ്ധ്യാപകനിൽ നിന്നോ കോളേജിൽ നിന്നോ ഈടാക്കും.
തെറ്റ് പറ്റിയതായി പ്രിൻസിപ്പൽ ഷൈജു സമ്മതിച്ചതായും വിദ്യാർത്ഥിക്കും അതിൽ പങ്കുണ്ടെന്നും ആൾമാറാട്ടം വാഴ്സിറ്റിക്ക് അവമതിപ്പുണ്ടാക്കിയെന്നും വി.സി പറഞ്ഞു.