കള്ളനോട്ടും കള്ളക്കടത്തും രാജ്യത്തിന്റെ സാമ്പത്തിക വികസനം നേരിടുന്ന പ്രധാന വെല്ലുവിളി: പി. രാജീവ്
കൊച്ചി: കള്ളനോട്ട് ഇടപാടുകളും കള്ളക്കടത്തും രാജ്യത്തിന്റെ സാമ്പത്തിക വികസനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കള്ളപ്പണവും കള്ളക്കടത്തും ചെറുക്കുന്നതിനുള്ള പ്രതിരോധ തന്ത്രങ്ങൾ എന്ന വിഷയത്തിൽ എഫ്.ഐ.സി.സി.ഐ കാസ്‌കേഡ് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക വ്യാപകമായി വ്യവസായ മേഖലയേയും ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുന്നുണ്ട്. സങ്കീർണമായ ഈ അവസ്ഥയും മനസിലാക്കേണ്ടതുണ്ട്. തങ്ങളുടെ ഇടപാടുകളിലൂടെയും നിലപാടുകളിലൂടെയും നാളത്തെ തലമുറയും ഈ ഭീഷണിക്കെതിരെ നിലകൊള്ളണം. കള്ളനോട്ടിന്റെയും കള്ളക്കടത്തിന്റെയും ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണത്തിനും പഠനങ്ങൾക്കും മുൻതൂക്കം നൽകണമെന്നും പി. രാജീവ് പറഞ്ഞു. എഫ്.ഐ.സി.സി.ഐ ചെയർമാൻ ദീപ് ചന്ദ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ, കസ്റ്റംസ് പ്രിവിന്റീവ് കമ്മിഷണർ രാജേന്ദ്ര കുമാർ, എഫ്.ഐ.സി.സി.ഐ കാസ്‌കേഡ് മുൻ ചെയർമാൻ പി.സി. ജാ എന്നിവർ സംസാരിച്ചു.