കേന്ദ്ര സർക്കാരിന്റെ അജൻഡയിൽ തൊഴിലാളികളി​ല്ല: എളമരം കരീം

Sunday 21 May 2023 1:03 AM IST

കൊല്ലം: കേന്ദ്ര സർക്കാരിന്റെ അജൻഡയിൽ തൊഴിലാളിയില്ലെന്ന്‌ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. ഓട്ടോ, ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോഴ്‌സ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോർപറേറ്റ് താത്പര്യങ്ങളും അവർക്കായുള്ള നയരൂപീകരണവുമാണ്‌ കേന്ദ്ര അജൻഡ. തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കുന്ന നിയമം പാസാക്കുന്നു. തൊഴിൽ നിയമങ്ങൾ ഭേദഗതിചെയ്യുന്നു. കുത്തകകളുടെ താത്പര്യമാണ്‌ മുഖ്യം. നിശ്ചിതകാല നിയമനം എന്ന പുതിയ തൊഴിൽ രീതിയിലേക്ക്‌ രാജ്യത്തെ മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ. ഉണ്ണിക്കൃഷ്‌ണൻ അദ്ധ്യക്ഷനായി. കെ.വി. ഹരിദാസൻ അനുശോചനപ്രമേയവും ടി.പി. ശ്രീധരൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.എസ്‌. സുനിൽകുമാർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ സ്യമന്ദഭദ്രൻ കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എസ്‌. ജയമോഹൻ സ്വാഗതം പറഞ്ഞു. എസ്‌. സുദേവൻ, നെടുവത്തൂർ സുന്ദരേശൻ, ബി. തുളസീധരക്കുറുപ്പ്‌, ഹരികൃഷ്‌ണൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പി. രാജേന്ദ്രകുമാർ, എക്സ്‌ ഏണസ്‌റ്റ്‌, കെ. സേതുമാധവൻ, എ.എം. ഇക്‌ബാൽ എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് നാലിന്‌ തൊഴിലാളികളുടെ പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ലിങ്ക് റോഡിൽ നിന്ന് തുടങ്ങി ചിന്നക്കടയിൽ സമാപിക്കും. പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.