'ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖകൾ പാടില്ല'; വിലക്ക് കർശനമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Sunday 21 May 2023 3:20 PM IST
തിരുവനന്തപുരം: ആർഎസ്എസ് ശാഖകൾക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കർശനമാക്കാൻ നിർദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്‌ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
നേരത്തേ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആർഎസ്‌എസിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പാലിക്കപ്പെടാത്തതിനാൽ നടപടി കർശനമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും ഉത്തരവിറക്കുകയായിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടതല്ലാതെയുള്ള പരിശീലനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.