ക്ഷണക്കത്തിന്റെ പത്രാസിൽ പ്രിയ പോത്തിന്  'ഗൃഹപ്രവേശം'

Monday 22 May 2023 12:06 AM IST

ആലപ്പുഴ: കാട്ടുപോത്ത് ഭീകര ജീവിയാകുമ്പോൾ ചേർത്തല ചാരമംഗലം സ്നേഹനിലയത്തിൽ ഉണ്ണിക്കുട്ടന് (14) ഓമനയാണ് ശങ്കരൻ എന്ന വളർത്തുപോത്ത്. ആ സ്നേഹം തിരിച്ചറിഞ്ഞ എറണാകുളത്തെ വനിതകളുടെ ഫേസ്ബുക്ക് കൂട്ടായ്‌മ 67,000 രൂപ ചെലവിൽ നിർമ്മിച്ച, ശങ്കരൻ വില്ല എന്ന തൊഴുത്തിന്റെ പ്രവേശനോത്സവമായിരുന്നു ഇന്നലെ. വളർത്തു നായ ചാർളിയുടെയും പൂച്ച ഡുഡുവിന്റെയും പേരു വച്ച് ക്ഷണക്കത്തു വരെ അടിച്ചു. രാവിലെ 8നും 9നും ഇ‌ടയിലുള്ള ശുഭമുഹൂ‌ർത്തത്തിൽ ഗൃഹപ്രവേശം. ഫേസ്ബുക്കിൽ ക്ഷണക്കത്ത് കണ്ട് വന്നവർക്ക് മധുരം നൽകി.

ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അതുൽകൃഷ്ണ എന്ന ഉണ്ണിക്കുട്ടന് വേണ്ടി കുടുംബശ്രീയിൽ നിന്ന് പതിനായിരം രൂപ വായ്പയെടുത്താണ് അമ്മ സിന്ധു ഒന്നരവർഷം മുമ്പ് പോത്തുകുട്ടിയെ വാങ്ങിയത്. വളർത്തുമൃഗങ്ങളോടുള്ള ഇഷ്ടം കാരണം ഒരു വീട്ടിലെ പോത്തിനെ പരിചരിക്കാൻ ഉണ്ണി പോകുമായിരുന്നു. അതിനെ കശാപ്പുകാരന് കൊടുത്തപ്പോൾ സഹിക്കാനായില്ല. അങ്ങനെയാണ് സ്വന്തമായൊരു പോത്തിനെ വേണമെന്നാഗ്രഹിച്ചത്.

വാങ്ങുമ്പോൾ മൂന്ന് മാസമായിരുന്നു പ്രായം. മുറ ഇനത്തിൽപ്പെട്ട പോത്താണ്. ഉണ്ണിക്കുട്ടനാണ് ശങ്കരനെന്ന് പേരിട്ടത്. ചാർളിയും ഡുഡുവും അലങ്കാര കിളികളും ചേരുന്ന സ്നേഹക്കൂട്ടായ്‌മയിൽ ശങ്കരനും. ഉണ്ണിയുടെ മടിയിൽ തല ചായ്ച്ച് ശങ്കരൻ ഉറങ്ങും. ഉണ്ണിയെ പുറത്തിരുത്തി സഞ്ചരിക്കും. ഉണ്ണിയെ കണ്ടില്ലെങ്കിൽ കരയും. ഇവരുടെ സൗഹൃദം നാട്ടിൽ പരന്നതോടെ ഉണ്ണിക്ക് പോത്തൂട്ടൻ എന്ന വിളിപ്പേരും വീണു. ആ പേരുതന്നെയാണ് ക്ഷണക്കത്തിലുമുള്ളത്. സിന്ധുവിനോടും ശങ്കരന് അടുപ്പമാണ്.

ശങ്കരൻ വില്ല

നാല് സെന്റിലെ കൊച്ചു വീടിനോട് ചേർന്നുള്ള പ്ലാവിന്റെ ചുവട്ടിലാണ് ശങ്കരനെ കെട്ടിയിരുന്നത്. മഴ പെയ്താൽ നനയും. വെള്ളത്തിൽ കിടക്കുന്ന ശങ്കരനെ കാണുമ്പോൾ ഉണ്ണിക്കുട്ടൻ കരയും. ഉണ്ണിയുടെയും ശങ്കരന്റെയും സ്നേഹകഥ യൂ ട്യൂബ് ചാനലുകളിൽ വന്നിരുന്നു. അത് കണ്ടാണ് എറണാകുളത്തെ വനിതാ കൂട്ടായ്‌മ തൊഴുത്ത് നിർമ്മിക്കാൻ മുന്നോട്ടു വന്നത്. സ്ഥലം കുറവായതിനാൽ വല്യച്ഛന്റെ പറമ്പിലേക്ക് ഇറക്കിയാണ് തൊഴുത്ത് പണിതത്. ശങ്കരന് കിടക്കാൻ മാറ്റും വെളിച്ചത്തിന് ലൈറ്റുമുണ്ട്. ഇനി ഫാനും ശങ്കരൻ വില്ല എന്ന ബോർഡും വയ്‌ക്കണം - ഉണ്ണിക്കുട്ടൻ പയുന്നു.

ഉണ്ണിയുടെ അച്ഛൻ അനിൽകുമാർ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അമ്മൂമ്മ തങ്കമ്മയും സഹോദരി ആവണിയും ഒപ്പമുണ്ട്.