കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടം; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു, എം എൽ എമാർക്ക് പ്രതികരണ വിലക്ക്

Monday 22 May 2023 12:47 PM IST

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ നേതാവ് ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു. കോളേജ് മാനേജ്‌മെന്റിന്റേതാണ് നടപടി. ഡോ. എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. ആൾമാറാട്ടത്തെക്കുറിച്ച് അന്വേഷിക്കാൻ കോളേജ് മാനേജ്‌മെന്റ് മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു.

ഷൈജുവിനെ സിൻഡിക്കേറ്റിന്റെ തീരുമാന പ്രകാരം സ്ഥാനത്തു നിന്ന് നീക്കി സർവകലാശാല ഇന്നലെ ഉത്തരവിറക്കിയിരുന്നു. അഞ്ചു വർഷത്തേക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടെയുള്ള ചുമതലകളിൽ നിന്ന് മാറ്റി നിറുത്തും. സർവകലാശാലാ യൂണിയൻ ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ പേരിലുള്ള അധികച്ചെലവും ഈടാക്കും. ഇത് അദ്ധ്യാപകൻ നൽകിയില്ലെങ്കിൽ കോളേജ് നൽകണം.

ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ആൾമാറാട്ടത്തിന് കൂട്ടു നിന്നതിനാണ് പ്രിൻസിപ്പലിനെതിരെ കേസ്. ആൾമാറാട്ടം നടത്തിയ എസ് എഫ് ഐ കാട്ടാക്കട ഏരിയ മുൻ സെക്രട്ടറി വൈശാഖാണ് കേസിലെ രണ്ടാം പ്രതി. ആൾമാറാട്ടം,വിശ്വാസ വഞ്ചന,ഗൂഢാലോചന,വ്യാജരേഖ ചമയ്‌ക്കൽ എന്നിവയിൽ അന്വേഷണം നടത്താൻ സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾക്കും കാട്ടാക്കട പൊലീസിനും സർവകലാശാലാ രജിസ്ട്രാർ പരാതി നൽകിയിരുന്നു. ആൾമാറാട്ടം സംബന്ധിച്ച രേഖകൾ സഹിതമായിരുന്നു പരാതി. തുടർന്നാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്.


എം എൽ എമാർക്ക് പരസ്യപ്രതികരണത്തിന് വിലക്ക്

എസ് എഫ് ഐ ആൾമാറാട്ടത്തിൽ എം എൽ എമാരായ ഐ ബി സതീഷിനും ജി സ്റ്റിഫനും പരസ്യപ്രതികരണത്തിന് പാർട്ടി വിലക്കേർപ്പെടുത്തി. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇരുവരും പാർട്ടിക്ക് കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെ പാർട്ടി അന്വേഷണ കമ്മീഷനെ വച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തിയത്.