ഡോക്ടർ വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി

Monday 22 May 2023 3:36 PM IST

കൊച്ചി: ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

മേയ് പത്തിന് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് ഹൗസ് സർജനായ വന്ദന ദാസിനെ യു പി സ്കൂൾ അദ്ധ്യാപകനായ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും എല്ലാ ആശുപത്രികളിലും ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർക്ക് സംരക്ഷണം നൽകാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.