കെ.എ.എസ് ക്വാട്ട 10 % ഉയർത്തും,​ പുതിയ വിജ്ഞാപനം ഈ വർഷം ഒടുവിൽ

Tuesday 23 May 2023 12:41 AM IST

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസിന്റെ (കെ.എ.എസ്) ക്വാട്ട 20 ശതമാനമായി ഉയർത്താൻ സർക്കാർ നീക്കം തുടങ്ങി. നിലവിൽ സെക്രട്ടേറിയറ്റിലുൾപ്പെടെ 30 വകുപ്പുകളിലായി 10 ശതമാനമാണ് കെ.എ.എസ് നിയമനം. ഈമാസം 30ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമാകും.

കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് സെക്രട്ടറി വി.പി.ജോയ്,​ പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഉന്നത വകുപ്പ് മേധാവികൾ എന്നിവരുടെ യോഗത്തിൽ ഇതു സംബന്ധിച്ച് തത്വത്തിൽ ധാരണയായി. എല്ലാ വർഷവും നിയമനം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ സൂചിപ്പിച്ചു. കെ.എ.എസ് വിഹിതം ഉയർത്തണമെങ്കിൽ നിലവിലെ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യണം. ഇതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

 പുതിയ വിജ്ഞാപനം ഈ വർഷം ഒടുവിൽ

ഈ വർഷം അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിച്ച് അടുത്ത വർഷം പുതിയ നിയമനം നടത്താനുള്ള തരത്തിലാണ് നടപടികൾ നീക്കുന്നത്. ആദ്യ നിയമനം വിവിധ വകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് പോസ്റ്റുകളിലാണ്. കെ.എ.എസിൽ 'ഓഫീസർ (ജൂനിയർ ടൈംസ്‌കെയിൽ) ട്രെയിനി' എന്നാണ് ഈ തസ്തികകൾ അറിയപ്പെടുന്നത്. കെ.എ.എസിൽ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ 120 ഓളം തസ്തികകളാണ് ഈ വിഭാഗത്തിലുള്ളത്.

'കെ.​എ.​എ​സ് ​ക്വാ​ട്ട​ ​കൂ​ട്ടാ​നു​ള്ള​ ​ശ്ര​മം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​ർ​ഹ​മാ​യ​ ​പ്രൊ​മോ​ഷ​ൻ​ ​നി​ഷേ​ധി​ക്കും.​ ​അ​തി​നെ​ ​ശ​ക്ത​മാ​യി​ ​എ​തി​ർ​‌​ക്കും". - എം.​എ​സ്.​ഇ​ർ​ഷാ​ദ്,​ സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​സോ.​ ​പ്ര​സി​ഡ​ന്റ്