സഭകളിൽ ജനാധിപത്യം പുലരണം: സുധീരൻ

Tuesday 23 May 2023 1:03 AM IST

തിരുവനന്തപുരം: പാർലമെന്റിലായാലും നിയമസഭയിലായാലും ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്നത് ശരിയല്ലെന്നും, പ്രതിപക്ഷത്തെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും മുൻ സ്പീക്കർ വി.എം.സുധീരൻ

പറഞ്ഞു. പുതിയ നിയസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മുൻ നിയമസഭാ സാമാജികരുടെ ഒത്തുചേരൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും, കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസുമെല്ലാം പ്രതിപക്ഷ നേതാക്കളെ ബഹുമാനിച്ചിരുന്നവരാണ്. സഭ സ്തംഭിക്കുന്ന അവസ്ഥ സ്പീക്കർക്ക് ഒഴിവാക്കാനാകും. താൻ സ്പീക്കറായിരന്നപ്പോൾ പ്രീഡിഗ്രി ബോർഡ് പ്രശ്നത്തിൽ നിയമസഭയിൽ കെ.ആർ.ഗൗരിഅമ്മയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടന്നു. പ്രതിപക്ഷ നേതാക്കൾ സമരക്കാരെ സന്ദർശിക്കുന്ന വേളയിൽ സിറ്റി പൊലീസ് കമ്മിഷണർ സഭയുടെ പ്രധാന ഗേറ്റടച്ചു. ഗേറ്റ് തുറക്കാൻ താൻ ആവശ്യപ്പെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. നിയമസഭ ചേരുന്ന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനം 1986 ആഗസ്റ്റ് 11ന് മണ്ണ് വെട്ടിയിട്ട് തുടക്കം കുറിച്ചത് താനാണ്. അന്ന് അതിന്റെ ഫലകം വയ്ക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ താൻ നിരസിച്ചു. മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ഇക്കാര്യം എവിടെയെങ്കിലും രേഖപ്പെടുത്തുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. മന്ദിരത്തിന്റെ നിർമ്മാണത്തിൽ ആത്മാർത്ഥമായി പ്രവർത്തിച്ചത് നിയമസഭാ സെക്രട്ടറിയായിരുന്ന ‌ഡോ. ആർ. പ്രസന്നനായിരുന്നുവെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

ചടങ്ങ് ‌‌ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മാത്യു ടി. തോമസ് അദ്ധ്യക്ഷനായി. വി.എം.സുധീരൻ, അഖിലേന്ത്യാ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ മുൻ എം.എൽ.എ എം.ജെ. ജേക്കബ് എന്നിവരെ ആദരിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുള്ള ആദരവ് മകൻ വി.എ. അരുൺകുമാർ സ്വീകരിച്ചു. ചടങ്ങിൽ ചുരുക്കം ചില മുൻ സാമാജികരാണെത്തിയത്. മുൻ സ്പീക്കർമാരിൽ സുധീരൻ മാത്രം.

Advertisement
Advertisement