ബില്ലുകൾക്ക് കാലതാമസം,​ ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Tuesday 23 May 2023 1:11 AM IST

 വേദിയിൽ ഉപരാഷ്ട്രപതിയും ഗവർണറും

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചില ബില്ലുകളിൽ ഇപ്പോഴും ഗവർണർ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുന്നതിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ മന്ദിരത്തിന്റെ 25ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെയും ഗവർണറുടെയും സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം.

കേരളത്തിൽ നിയമ നിർമ്മാണരംഗത്തെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോഴും നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നതും അനിശ്ചിതകാല കാലതാമസമുണ്ടാകുന്നതും വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക മണ്ഡലങ്ങളിലും ജനജീവിതത്തിലും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇവയുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, രാജ്യവും നിയമങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

കേരളത്തിന്റെ വളർച്ചയുടെ ചരിത്രം പറയുമ്പോൾ അത് ശ്രീമൂലം പ്രജാസഭയുടെ കാലം തൊട്ട് പറയേണ്ടതുണ്ട്. അവിടെ കുമാരനാശാന്റെയും അയ്യങ്കാളിയുടെയും ശബ്ദങ്ങൾ സാമൂഹ്യനീതിക്കായി ഉയർന്നു. ആ പാതയിലൂടെയാണ് നമ്മൾ മുന്നോട്ട് പോകുന്നത്. ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനം ചെയ്ത ഇന്ത്യയ്ക്ക് മൂന്ന് തൂണുകളാണുള്ളത്. ആ മൂന്ന് തൂണുകളുടെയും അധികാരങ്ങളിൽ പരസ്പരനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയെ അവഗണിച്ച് ഒരു ശാഖ മറ്റൊരു ശാഖയിൽ കൈകടത്തുന്നുവെന്ന പരാതി ശക്തമാണ്. ആ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.

പ്രതികരിക്കാതെ ഗവർണർ

മുഖ്യമന്ത്രിക്കുശേഷം സംസാരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയുടെ വിമർശനത്തോട് പ്രതികരിച്ചില്ല. എന്നാൽ കേരളത്തിന്റെ നിയമ നിർമ്മാണരംഗത്തെ നേട്ടങ്ങളെ പുകഴ്ത്തി. രാജ്യത്തെ ഏറ്റവും പുരോഗമനപരമായ പല നിയമനിർമ്മാണങ്ങൾക്കും കേരള നിയമസഭ വേദിയായെന്ന് ഗവർണർ പറഞ്ഞു. ഈ നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലും ജനജീവിതത്തിലും വലിയ ചലനമുണ്ടാക്കി. ആദ്യത്തെ നിയമസഭ മുതൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും നമ്മുടെ ജനാധിപത്യത്തെയും ആരോഗ്യസംവിധാനത്തെയും കരുത്തുറ്റതാക്കുന്നതിനുമുള്ള ഇടപെടലുകളാണ് നമ്മുടെ സാമാജികരിൽ നിന്നുണ്ടായത്.

അരാഷ്ട്രീയ സമൂഹം

വളരുന്നു: സതീശൻ

ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത അരാഷ്ട്രീയ സമൂഹം വളർന്നുവരുന്നുണ്ടെന്നത് അപകടകരമായ പ്രവണതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനാധിപത്യ ഭരണകൂടങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാലോ ദുർവ്യാഖ്യാനം ചെയ്യുന്നതിനാലോ ആകാമിത്. ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ സഭയ്ക്കകത്തും പുറത്തും പ്രവർത്തിക്കണം. മന്ത്രി കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരും സംസാരിച്ചു.

ഗവർണറുടെ

മലയാളത്തിന് കൈയടി

തന്റെ പ്രസംഗത്തിന്റെ പകുതി ഭാഗത്തോളം മലയാളത്തിൽ പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സദസിന്റെ നിറഞ്ഞ കൈയടി. രാജ്യത്തെ ഏറ്റവും പ്രൗഢവും മനോഹരവുമായ മന്ദിരങ്ങളിലൊന്നാണ് കേരള നിയമസഭാ മന്ദിരമെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ അവസാനത്തെ കുറച്ചു ഭാഗമേ ഇംഗ്ലീഷിൽ പറഞ്ഞുള്ളൂ.

Advertisement
Advertisement