കിൻഫ്ര പാർക്കിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിന് അംഗീകാരമുണ്ടായിരുന്നില്ല, അടിമുടി വീഴ്‌ചയെന്ന് ഫയർഫോഴ്‌സ് മേധാവി

Tuesday 23 May 2023 11:44 AM IST

തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദ‌ർശിച്ചതിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

കെട്ടിടത്തിൽ തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും ബി സന്ധ്യ വ്യക്തമാക്കി. ബ്ളീച്ചിംഗ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടിത്തം ഉണ്ടാകാം. ബ്ളീച്ചിംഗ് പൗഡറും ആൽക്കഹോളും കലർന്നാലും തീപിടിത്തം ഉണ്ടാകാം. സാനിറ്റൈസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. വിശദമായ പരിശോധനയിൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്‌ചയാണെന്നും ബി സന്ധ്യ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താനും സന്ധ്യ നിർദേശം നൽകി.

പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. സുരക്ഷാജീവനക്കാരൻ മാത്രമേ അപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. നിലവിൽ തീ നിയന്ത്രണ പൂർണമായി അണഞ്ഞു.

തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.