സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജൻ എംഎൽഎ

Tuesday 23 May 2023 3:35 PM IST

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് പി വി ശ്രീനിജൻ എംഎൽഎ. ട്രയൽസ് നടക്കുന്ന വിവരം ജില്ലാ സ്പോർട്‌സ് കൗൺസിലിനെ അറിയിച്ചിരുന്നെങ്കിൽ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്നും പി വി ശ്രീനിജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

താൻ വന്ന് ഗേറ്റ് പൂട്ടിയതല്ല. ഗേറ്റ് ആദ്യമേ പൂട്ടിക്കിടന്നതാണ്. അനുമതി ഉണ്ടേൽ തുറന്ന് കൊടുക്കാറാണ് പതിവെന്നും എംഎൽഎ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സ് പേടിപ്പിച്ചിട്ടാണ് കരാർ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്പോർട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷ മേഴ്സി കുട്ടനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും ശ്രീനിജൻ ആരോപിച്ചു.

ഗേറ്റ് പൂട്ടിയിട്ട് സെലക്ഷൻ ട്രയലിനെത്തിയ വിദ്യാർത്ഥികളെ റോഡരികിൽ ഇരുത്തിയ സംഭവത്തിൽ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷൻ പി വി ശ്രീനിജിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്നലെ ശ്രീനിജിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷൻ യു ഷറഫലി രംഗത്ത് വന്നെങ്കിലും ഇനി പ്രത്യക്ഷ പോര് വേണ്ടെന്നാണ് തീരുമാനം. ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷൻ ട്രയൽ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്റെയും നിർദ്ദേശം.