സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് പണിമുടക്ക്
Tuesday 23 May 2023 4:12 PM IST
കൊച്ചി: സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. എറണാകുളത്ത് ചേർന്ന ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. 7500ഓളം ബസുകൾ സംഘടനയുടെ കീഴിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 90 ശതമാനം ബസുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക, മിനിമം ചാർജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.