എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാർക്കും വേണം
ആലപ്പുഴ: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മുമ്പത്തെപ്പോലെ മാർക്കും രേഖപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ കോഴിക്കോട് സ്വദേശിനി പല്ലവി എന്ന വിദ്യാർത്ഥിനിയുടെ നിവേദനം സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ട്. 90 മുതൽ 100 മാർക്ക് വരെ എ പ്ലസ്, 80 മുതൽ 89 വരെ എ എന്നിങ്ങനെ ഗ്രേഡുകൾ മാത്രം രേഖപ്പെടുത്തുന്നതിനാൽ കുട്ടികളുടെ പഠനനിലവാരത്തിലുള്ള അന്തരം മാർക്ക് ലിസ്റ്റിൽ പ്രതിഫലിക്കുന്നില്ല
മുഴുവൻ മാർക്കായ 650 നേടുന്ന കുട്ടിക്കും 90 ശതമാനം മാർക്കായ 585 നേടുന്ന കുട്ടിക്കും എ പ്ലസ് ഗ്രേഡാണ്. അതിനാൽ പ്ലസ് വൺ ഏകജാലക അഡ്മിഷനിലും ഒരേ പരിഗണനയാണ്. വിദ്യാർത്ഥി പത്താം ക്ലാസിൽ പഠിച്ച അതേ സ്‌കൂൾ, അതേ പഞ്ചായത്ത്, തുടങ്ങിയ ബോണസ് പോയിന്റ് കൂടി ലഭ്യമാകുമ്പോൾ മെറിറ്റ് മറികടന്ന് അഡ്മിഷൻ ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. 65 മാർക്കിന്റെ വ്യത്യാസം അവഗണിച്ച്, എല്ലാവർക്കും എ പ്ലസ് നൽകി ഗ്രേഡിങ്ങിലൂടെ ഏകീകരിച്ച്, ഒടുവിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ കുട്ടികളുടെ പേരിന്റെ ആദ്യാക്ഷരമാല ക്രമം പോലും ഉപയോഗിക്കേണ്ടി വരുന്ന രീതിയെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ട്.
പുനർ മൂല്യനിർണയം നടത്തിയാലും കാര്യമായ മാർക്ക് വ്യത്യാസമുണ്ടായാലേ ഗ്രേഡ് മാറുകയുള്ളൂ എന്നതിനാൽ, പിഴവുകളെ അദ്ധ്യാപകർക്ക് ഭയക്കേണ്ടതില്ല. ഹയർസെക്കൻഡറി തലത്തിൽ ഗ്രേഡിനൊപ്പം മാർക്കും സർട്ടിഫിക്കറ്റിൽ ഉള്ളതിനാൽ, പുനർ മൂല്യനിർണയത്തിൽ ഒരു മാർക്കിന്റെ വ്യത്യാസമുണ്ടായാലും രേഖപ്പെടുത്താറുണ്ട്.
'ഉപരിപഠന പ്രവേശനത്തിൽ എസ്.എസ്.എൽ.സി മാർക്കിന് പരിഗണന നൽകി വിദ്യാർത്ഥികളോട് നീതി പുലർത്തണം. പ്രോസ്പെക്ടസിലും, അഡ്മിഷൻ പ്രക്രിയയിലും അശാസ്ത്രീയമായ ബോണസ് പോയിന്റുകൾ ഒഴിവാക്കണം'. -എസ്.മനോജ്,
ജനറൽ സെക്രട്ടറി,
എ.എച്ച്.എസ്.ടി.എ