വൻകിടക്കാരുടെ ആവശ്യം തള്ളി റെഗുലേറ്ററി കമ്മിഷൻ നിലപാടിൽ പ്രതിഷേധം

Wednesday 24 May 2023 12:50 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധികച്ചെലവ് എല്ലാമാസവും ഈടാക്കാനുള്ള നിയമഭേദഗതി പഠിച്ച് അഭിപ്രായം അറിയിക്കാൻ മൂന്നാഴ്ച സാവകാശം വേണമെന്ന വൻകിട വ്യവസായ കൂട്ടായ്‌മയായ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളുടെ അപേക്ഷ സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ തള്ളി.

കമ്മിഷൻ നിലപാട് ജനവിരുദ്ധവും നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും എതിരാണെന്നും വാർത്താകുറിപ്പിൽ അവർ കുറ്റപ്പെടുത്തി. മേയ് 15 വരെ നിരക്ക് വർദ്ധനയുടെ തെളിവെടുപ്പായിരുന്നു. ഇന്നാണ് ഇന്ധന സർചാർജ്ജിൽ തെളിവെടുപ്പ്. പഠിക്കാൻ ഒരാഴ്ച പോലും നൽകാതെ നടത്തുന്ന തെളിവെടുപ്പ് പ്രഹസനമാണെന്നും തെളിവെടുപ്പ് നീട്ടിവയ്‌ക്കുകയോ അഭിപ്രായം നൽകാൻ മൂന്നാഴ്ച നൽകുകയോ വേണമെന്നായിരുന്നു വ്യവസായികളുടെ ആവശ്യം. ഇത് കമ്മിഷൻ തള്ളിയത കെ.എസ്.ഇ.ബി.യെ സഹായിക്കാനാണെന്നും അവർ കുറ്റപ്പെടുത്തി.

മുമ്പ് കെ.എസ്.ഇ.ബി. വൻകിട മൂലധന നിക്ഷേപം നടത്തിയപ്പോഴും ജനങ്ങളിൽ നിന്ന് അഭിപ്രായം ചോദിക്കാതെയാണ് കമ്മിഷൻ അനുമതി നൽകിയത്. ഇത്തരം മൂലധന ചെലവിന്റെ ബാധ്യത മുഴുവൻ ഉപഭോക്താക്കൾ വഹിക്കണമെന്നിരിക്കെ അവരെ അറിയിക്കാതെ കമ്മിഷൻ സ്വമേധയാ അനുമതി നൽകുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളെ അറിയിക്കാതെ നടത്തിയ ചെലവിന്റെ പേരിൽ നിരക്ക് വർദ്ധിപ്പിക്കരുതെന്നും അത് അവഗണിച്ചുള്ള കമ്മിഷൻ നടപടിയിൽ പ്രതിഷേധമുണ്ടെന്നും അവർ പറഞ്ഞു.