പാമ്പു പിടിത്തം നിറുത്തുന്നു എന്ന വാർത്ത സത്യമോ?​ ആരാണ് തന്നെ ദ്രോഹിക്കുന്നത്,​ വാവാ സുരേഷിന്റെ ശബ്‌ദരേഖ

Friday 28 June 2019 1:47 PM IST

തിരുവനന്തപുരം: വാവ സുരേഷ് പാമ്പ് പിടിത്തം നിർത്തുന്നു, സോഷ്യൽ മീഡിയയിൽ കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് ഏറ്റവും വൈറലായ വർത്താകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? അതിനെ കുറിച്ച് കേരള കൗമുദി ഓൺലൈനിനോട് വ്യക്തമാക്കുകയാണ് വാവ സുരേഷ്. പാമ്പ് പിടിത്തത്തിലെ വിമർശനങ്ങൾ പരിധി വിട്ടതോടെയാണ് ഇത്തരത്തിലുള്ള തീരുമാനം സ്വീകരിച്ചതെന്ന് വാവ സുരേഷ് കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.

എന്തുകണ്ടാലും വിമർശിക്കുന്ന ചിലരുണ്ട്, അവർ തന്റെ പാമ്പ് പിടിത്തത്തെ അനാവശ്യമായി വിമർശിക്കുന്നു. ഞാൻ കൈകൊണ്ട് പാമ്പിനെ പിടിക്കുന്നു, പാമ്പിനെ കുറിച്ച് ക്ലാസെടുക്കുന്നു, ഉമ്മവയ്ക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ ഫേസ്ബുക്ക് പരിശോധിച്ചാൽ പാമ്പിനെ പിടിക്കുന്ന എല്ലാവരും കഴുത്തിൽ പാമ്പിനെ വച്ച് ഫോട്ടോയെടുക്കുന്നുണ്ട്, ഉമ്മ വയ്ക്കുന്നുണ്ട്. അതൊന്നും ആർക്കും ഒരു കുഴപ്പവുമില്ല. എന്നെ മാത്രം ചിലർ ടാർജെറ്റ് ചെയ്ത് വിമർശിക്കുമ്പോൾ ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൊണ്ടാണ് പാമ്പ് പിടിത്തത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് വാവ സുരേഷ് പറയുന്നു.

ശബ്ദരേഖ

എന്ത് ചെയ്താലും അവർ വിമർശിക്കുന്നു. എന്നെ മാത്രം അവർ ടാർജറ്റ് ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നിന്നുള്ള ഒരാൾ തന്നെ ഈ ഫീൽഡിൽ നിന്ന് ഔട്ടാക്കുമെന്നാണ് പറഞ്ഞത്. തിരുവനന്തപുരം ഭാഗത്ത് ഒരുപാട് പാമ്പ് പിടിത്തക്കാരുണ്ട്. അവരെല്ലാം പാമ്പിനെ പിടിക്കുന്നത് സാമ്പത്തികം വാങ്ങിയിട്ടാണ്. എന്നാൽ ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ട് ചിലർക്ക് തന്നോട് ദേഷ്യമുണ്ടാകാം. പാമ്പ് പിടിത്തക്കാരുടെ സംഘടനയിൽപ്പെട്ട തിരുവനന്തപുരത്തെ ഒരു പയ്യൻ സ്നേക്ക് ഡാൻസ് ചെയ്യാറുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. എന്നാൽ ഞാൻ അതിനെയൊന്നും വിമർശിക്കാറില്ല. സഹപ്രവർത്തകർ തന്നെ എന്നെ വിമർശിക്കുന്നു എന്ന കാര്യത്തിലാണ് എനിക്ക് സങ്കടം.

അർദ്ധ രാത്രി ഒരു മണിക്കും രണ്ട് മണിക്കും ചിലർ തന്നെ വിളിക്കാറുണ്ട്. മനപൂർവം ഓരോ ചോദ്യങ്ങൾ ചോദിക്കും എന്നിട്ട് അവർ സ്വയം ചിരിക്കുന്നത് ഞാൻ കേൾക്കാറുണ്ട്. ഞാൻ ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ഒരാളാണെന്നും പാമ്പിനെ പിടിക്കുന്ന സമയത്ത് ചില ലക്ഷണങ്ങൾ നോക്കാറുണ്ടെന്നും പാമ്പിനെ പിടിക്കാൻ പോകുന്നിടത്തെ വീട്ടുകാരോട് സുഖമില്ലാത്ത ആരെങ്കിലും വീട്ടിലുണ്ടോ എന്നീ ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ഇവർ അതുമാത്രം കട്ട് ചെയ്ത് ടെലികാസ്റ്റ് ചെയ്യും. എന്നിട്ട് ‌ഞാൻ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ആളാണെന്ന് പറയും. വാവ സുരേഷിന്റെ നമ്പർ സൂക്ഷിക്കുന്നവർക്ക് പാമ്പ് പാമ്പിന്റെ പണി തന്നിട്ടുപോകും എന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്.

100 പേർ എന്നെ വിമർശിക്കുമ്പോഴും ബാക്കിയുള്ളർ എല്ലാവരും പാമ്പ് പിടിത്തം നിർത്തരുതെന്നാണ് പറയുന്നത്. പക്ഷേ മാനസികമായി ഒരുപാട് പ്രശ്നങ്ങളുണ്ട്, കിടന്നാൽ ഉറക്കമില്ല, തുടർന്നാണ് പഴയ മേസ്തരി പണിക്ക് തന്നെ പോകാമെന്ന് ആലോചിച്ചത്. ആതാവുമ്പോൾ ആരുടെയും വായിൽ ഇരിക്കുന്നത് കേൾക്കണ്ടല്ലോ?- വാവ സുരേഷ് ചോദിക്കുന്നു. വാർത്ത പുറത്തുവന്നതിന് ശേഷം വിമർശകർ പലരും വിളിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും വാവ സുരേഷ് പറയുന്നു.