കോഴയിൽ മുങ്ങി റവന്യു, കോഴ ഫീസ് പിരിക്കുന്ന മട്ടിൽ, സുരേഷ് കുമാർ റിമാൻഡിൽ
തിരുവനന്തപുരം: സർക്കാർ നയങ്ങളെ അട്ടിമറിക്കുംവിധം അഴിമതിയുടെ കൂടാരമായി റവന്യൂ വകുപ്പ്. കോഴ നൽകാതെ ഒരു ഫയൽപോലും അനങ്ങാത്ത സ്ഥിതിയാണ് പല വില്ലേജ് ഓഫീസുകളിലും. ഭൂമി തരംമാറ്റൽ, പട്ടയം, കൈവശാവകാശം, ആധാരപ്പകർപ്പ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം കോഴ.
സേവനാവകാശനിയമം 2012മുതൽ പ്രാബല്യത്തിലുണ്ട്. മൂന്നു മുതൽ 15 ദിവസമാണ് സേവനത്തിനുള്ള സമയപരിധി. വൈകുന്ന ഓരോ ദിവസത്തിനും 500 രൂപ ഉദ്യോഗസ്ഥർ പിഴ നൽകണം. പക്ഷേ, നിയമം ഒരിടത്തും പാലിക്കാറില്ല. കഴിഞ്ഞ ദിവസം പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിൽ നിന്ന് 1.05 കോടി രൂപയാണ് പിടിച്ചത്. ഇയാളെ അന്വേഷണവിധേയമായി ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിട്ടുണ്ട് . തൃശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വടക്കൻ ജില്ലകളിൽ ഫീസു പോലെയാണ് ജീവനക്കാർ 2000 മുതൽ 3000 രൂപവരെ കോഴ ഈടാക്കുന്നത്.വിരമിച്ചവരും ഇടനിലക്കാരും പരാതിയെഴുത്തുകാരും ഇതിലെ കണ്ണികളാണ്. ഇന്നലെ വരെ വിജിലൻസ് നടത്തിയ 23 ട്രാപ്പ് ഓപ്പറേഷനുകളിൽ ഏഴ് റവന്യൂ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. 1000 മുതൽ മുക്കാൽ ലക്ഷം വരെ വാങ്ങിയവർ പിടിയിലായിട്ടുണ്ട്.
കോഴയ്ക്ക്
കളമൊരുക്കൽ
▪︎1666 വില്ലേജ് ഓഫീസുകളിലെയും എല്ലാ സേവനങ്ങളും ഓൺലൈനാക്കാനുള്ള സർക്കാർ തീരുമാനം നടപ്പായില്ല.അപേക്ഷകരെ പലവട്ടം ഓഫീസിലെത്തിച്ചും കാരണമില്ലാതെ വിളിച്ചുവരുത്തിയും ബുദ്ധിമുട്ടിക്കും
▪︎ഏജന്റുമാരെ ഉപയോഗിച്ചോ നേരിട്ടോ പരാതിക്കാരെ സമീപിക്കും. .
റേറ്റ് 2 ലക്ഷം വരെ
▪︎രേഖ കൃത്യമല്ലാത്ത പട്ടയം....................................2,00,000
▪︎ഭൂമി തരംമാറ്റൽ............................................................25,000
▪︎മണ്ണ് നീക്കൽ...................................................................25,000
▪︎കൈവശാവകാശം......................................................10,000
▪︎വരുമാന സർട്ടിഫിക്കറ്റ്...............................................10,000
▪︎വസ്തു അളക്കൽ.................................................................5000
▪︎ആധാരപകർപ്പ്.................................................................2000
▪︎ലൊക്കേഷൻ സർട്ടിഫിക്കറ്റ്..........................................2000
▪︎ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്..................................2000
▪︎പോക്കുവരവ് സർട്ടിഫിക്കറ്റ്........................................1000
ഓട്ടോയിൽ ചുറ്റി
കൈക്കൂലിപ്പിരിവ്
മണ്ണാർകാട് / പാലക്കാട് :രണ്ട് പതിറ്റാണ്ടായി മണ്ണാർക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്തിരുന്ന സുരേഷ് കുമാർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കൈക്കൂലി പിരിവ് നടത്തിയിരുന്നു. ഇരുമ്പകച്ചോലയിലെ ആദ്യ വീട്ടിൽ നിന്ന് 700 രൂപയും പിന്നീട് കയറിയ വീടുകളിൽ നിന്ന് 800- 1000 രൂപ വരെയും ചോദിച്ച് വാങ്ങിയിരുന്നതായി ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി.
സുരേഷിന്റെ മുറിയിൽ നിന്ന് പണത്തിന് പുറമേ കവർ പൊട്ടിക്കാത്ത പത്തോളം പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ, അടിവസ്ത്രങ്ങൾ എന്നിവയും കണ്ടെടുത്തിരുന്നു.
'പാലക്കാട്ടെ സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തും.ഒരേ സ്ഥലത്ത് മൂന്ന് വർഷം പൂർത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റുമാരെയും ഫീൽഡ് അസിസ്റ്രന്റുമാരെയും മാറ്റി നിയമിക്കും'.
-കെ.രാജൻ.
റവന്യൂ മന്ത്രി
''സേവനങ്ങൾ ഓൺലൈനാക്കിയാൽ അഴിമതി കുറയും.''
-മനോജ് എബ്രഹാം
വിജിലൻസ് മേധാവി