തൊഴിലാളി സംഘടനകളുടെ എതിർപ്പ്, സ്‌മാർട്ട് മീറ്റർ പദ്ധതി നിറുത്തി വച്ചു
വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ തീരുമാനത്തിന് ശേഷം തുടർനടപടി
തിരുവനന്തപുരം: സ്‌മാർട്ട് മീറ്റർ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം. ഉൗർജ്ജ വകുപ്പ് അഡി.ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി. തൊഴിലാളി സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണിത്.
ആദ്യഘട്ടമായി 37ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനായിരുന്നു തീരുമാനം.
ഇന്നലെ വിളിച്ച തൊഴിലാളി നേതാക്കളുടെ യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഇക്കാര്യമറിയിച്ചു. പദ്ധതി നടത്തിപ്പിന് സംസ്ഥാനത്തിന്റെ അധിക കടമെടുപ്പുമായി ബന്ധമുണ്ടോ, ടോട്ടക്‌സ് മാതൃകയിൽ (കരാർ കമ്പനി ചെലവ് മുഴുവൻ വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന രീതി) നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രസഹായം നഷ്ടപ്പെടുമോ തുടങ്ങിയ കാര്യങ്ങൾ സർക്കാർ പരിശോധിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിക്കുകയും അതിന്റെ ഇവാല്യുവേഷൻ കഴിഞ്ഞ 29ന് തുടങ്ങുകയും ചെയ്തിരുന്നു. ഉത്തരവ് വന്നതോടെ നടപടികൾ നിറുത്തിവച്ചു.
പദ്ധതി നടപ്പാക്കിയാൽ സർക്കാരിന്റെ വായ്പാപരിധി 0.5%വർദ്ധിക്കും. കെ.എസ്.ഇ.ബി വരുമാനവും കൂടും. ഇതു പരിഗണിച്ചാണ് നടപ്പാക്കാൻ കെ.എസ്.ഇ.ബി തയ്യാറായത്. ടോട്ടക്‌സ് മാതൃകയിൽ സ്വകാര്യകമ്പനികളെ ഏൽപ്പിക്കുന്നതിലാണ് സംഘടനകളുടെ എതിർപ്പ്. ടോട്ടക്സ് അല്ലെങ്കിൽ പദ്ധതി നടത്തിപ്പിന് 8000 കോടി കെ.എസ്.ഇ.ബി കണ്ടെത്തേണ്ടിവരും. അതിനാവില്ലെന്നാണ് ബോർഡ് നിലപാട്.
ഇന്നലത്തെ യോഗത്തിലും ടോട്ടക്സ് പറ്റില്ലെന്ന് നേതാക്കൾ നിലപാടെടുത്തു. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ വൈദ്യുതിമേഖലയുടെ നവീകരണത്തിന് കെ.എസ്.ഇ.ബിക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ സബ്സിഡി തിരിച്ചെടുക്കുമെന്നും അത് പദ്ധതി നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല.
സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ അസുഖംകാരണം എത്താനാകാത്തതിനാൽ അഭിപ്രായം എഴുതി നൽകി.
സി ഡാക്കിനെ മറയാക്കി സ്മാർട്ട് മീറ്ററിലും ഉപകരാർ തന്ത്രമെന്നും കോടികൾ തട്ടാൻ നീക്കം നടക്കുന്നുവെന്നും കഴിഞ്ഞ 13ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
സ്‌മാർട്ട് മീറ്റർ നടപ്പായാൽ
1. ജീവനക്കാർക്ക് ഓഫീസിലിരുന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും എത്ര വൈദ്യുതി ഉപയോഗിച്ചെന്ന് കണക്കാക്കാനുമാകും
2. ഉപയോഗിക്കുന്ന സമയത്തിനനുസരിച്ചു വ്യത്യസ്ത നിരക്ക്. ഇതിലൂടെ ഉപഭോഗം നിയന്ത്രിക്കാം. പുറമേനിന്ന് അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നതും അതിന്റെ പേരിൽ സെസ് പിരിക്കുന്നതും ഒഴിവാക്കാം.
3. 4000 മീറ്റർ റീഡർമാരുടെ തസ്തിക ഇല്ലാതാകും.
വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ
പദ്ധതി സർക്കാർ ഏജൻസിയായ സി ഡാക്കിനെ ഏൽപ്പിച്ചാൽ വിജയിക്കില്ല. പദ്ധതി വേണ്ടെന്ന് വച്ചാൽ കേന്ദ്ര സഹായം നഷ്ടപ്പെടാം.