ഇന്ധന സർചാർജ് ഇനി അതത് മാസം
തിരുവനന്തപുരം: ഇന്ധന വില വർധന മൂലം കെ.എസ്.ഇ.ബിക്കുണ്ടാകുന്ന അധിക ബാദ്ധ്യത ഇന്ധന സർചാർജായി ഇനി അതത് മാസം ഈടാക്കും. അധിക ബാധ്യത ഇന്ധന സർചാർജായി മൂന്നു മാസത്തിൽ ഒരിക്കലാണ് നിലവിൽ ഈടാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ ഇലക്ട്രിസിറ്റി റൂൾസ് ഭേദഗതി നിയമ പ്രകാരം
ഓരോ മാസവും ഇത് ഈടാക്കണം. ഇത് സംബന്ധിച്ച പൊതു തെളിവെടുപ്പ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ ഇന്നലെ പൂർത്തിയായി.. അടുത്തു തന്നെ പുതിയ ഭേദഗതി കമ്മിഷൻ ഉത്തരവായി ഇറക്കും.
കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധികച്ചെലവ് എല്ലാ മാസവും ഈടാക്കാനുള്ള നിയമഭേദഗതി പഠിച്ച് അഭിപ്രായം അറിയിക്കാൻ മൂന്നാഴ്ച സാവകാശം വേണമെന്ന വൻകിട വ്യവസായ കൂട്ടായ്‌മയായ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളുടെ അപേക്ഷ കമ്മിഷൻ തള്ളി.മേയ് 15 വരെ നിരക്ക് വർദ്ധനയുടെ തെളിവെടുപ്പായിരുന്നു. അതുമൂലം വിഷയം പഠിക്കാൻ ഒരാഴ്ച പോലും കിട്ടിയില്ലെന്നായിരുന്നു അപേക്ഷയിൽ ഉന്നയിച്ചത്. ഇതിനോട് കമ്മിഷൻ യോജിച്ചില്ല.