ജൂൺ 5 മുതൽ പിഴ, ഇരുചക്ര വാഹന യാത്രയ്ക്ക് ഇളവ്

Thursday 25 May 2023 12:16 AM IST

തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനം. അഴിമതി ആരോപണം വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കിയാൽ ജനരോഷമുയരുമെന്നു തിരിച്ചറിഞ്ഞാണ് പിൻവാങ്ങൽ.

ഇരുചക്ര വാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെക്കൂടി കൊണ്ടുപോകുന്നതിന് ഇളവു വേണമെന്ന് കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കേണ്ടെന്ന് ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെയും കൊണ്ടുപോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് 22ന് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, മറ്റ് ഗതാഗത നിയമലംഘനങ്ങൾക്ക് അടുത്ത മാസം 5 മുതൽ പിഴ ഈടാക്കാൻ യോഗം തീരുമാനിച്ചു. അതിനു മുമ്പായി ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച് ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ട് നൽകാൻ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറെ ചുമതലപ്പെടുത്തി.

കെൽട്രോൺ മുഖേന കേരളത്തിൽ സ്ഥാപിച്ച ക്യാമറകളൊന്നും അംഗീകൃത അതോറിട്ടികൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയവയല്ലാത്തതിനാലാണ് ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുന്നത്. ഇക്കാര്യത്തിൽ പുറത്തെ അംഗീകൃത ഏ‌ജൻസികളുടെ സഹായം തേടാനും അനുമതി നൽകിയിട്ടുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി നിയമലംഘനം കണ്ടെത്തി ചെലാൻ അയയ്ക്കണമെങ്കിൽ അംഗീകൃത ഏജൻസി ഈ ഉപകരണങ്ങളുടെ പ്രവർത്തനം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണം. ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കുകയും വേണം. അല്ലാത്തപക്ഷം, നോട്ടീസ് ലഭിച്ചാൽ വാഹന ഉടമകൾക്ക് അതിന്റെ നിയമസാധുത ചോദ്യം ചെയ്യാം. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ഈ നടപടി.

 ഒരു കുറ്റത്തിന് "ആവർത്തനപ്പിഴ"

ഒരേ നിയമലംഘനം തന്നെ ഒന്നിൽ കൂടുതൽ ക്യാമറകൾ കണ്ടെത്തിയാൽ അത്രയും തവണ പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് എം.വി.ഡി പിറകോട്ടു പോയിട്ടില്ല.

നിലവിൽ ഒരു നിയമലംഘനത്തിന് ഒരു ദിവസം ഒരു തവണമാത്രമാണ് പിഴ ചുമത്തുന്നത്. പൊലീസ്, എം.വി.ഡി വിഭാഗങ്ങൾ റോഡിലെ പരിശോധനയിൽ ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ ഈടാക്കുമ്പോൾ രസീത് നൽകും. അടുത്ത പോയിന്റിലും പരിശോധന ഉണ്ടെങ്കിൽ പിഴ അടച്ച രസീത് കാണിച്ചാൽ പോകാൻ അനുവദിക്കും.

''ക്യാമറകൾ സ്ഥാപിച്ചപ്പോൾത്തന്നെ ഗതാഗത നിയമലംഘനങ്ങൾ പകുതിയായി കുറഞ്ഞിട്ടുണ്ട്. പിഴ ഈടാക്കിത്തുടങ്ങുമ്പോഴേക്കും കൂടുതൽ പേർ നിയമം അനുസരിക്കും""- ആന്റണി രാജു, ഗതാഗതമന്ത്രി.