വീട്ടിലെ മാലിന്യവും സാനിറ്ററി പാഡുകളും ജീവനക്കാർ സെക്രട്ടേറിയറ്റിൽ തള്ളുന്നു; കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുമായി സർക്കാ‌ർ

Thursday 25 May 2023 11:41 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വിചിത്ര നിർദേശവുമായി സംസ്ഥാന സർക്കാർ. വീട്ടിലെ മാലിന്യങ്ങൾ സെക്രട്ടേറിയറ്റിൽകൊണ്ടുവരരുതെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്‌മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് ജീവനക്കാർ വീടുകളിൽ നിന്നുള്ള മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്.

വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറി വേസ്റ്റും സാനിറ്ററി പാഡുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ ജീവനക്കാർ ബക്കറ്റിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയത്. ഇവ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി പരാതികളും ലഭിച്ചിരുന്നു. എല്ലാ മൂന്നുമാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫീസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗം പറയുന്നു. മാലിന്യം തള്ളുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് ആലോചന. വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരാനും തീരുമാനമായി.

എല്ലാ ജീവനക്കാരും ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണം. കുപ്പികളിൽ അലങ്കാര ചെടികൾ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി. പലയിടത്തും വെള്ളത്തിൽ കൂത്താടികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാലാണിത്. ഡെങ്കിപ്പനിപോലുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നത് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ പ്രശ്നമുള്ളതിനാൽ സെക്രട്ടേറിയറ്റിലെ പലവിഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനും നിർദേശം നൽകി.