'എന്ത് മാത്രം ദുഷ്‌പേരാണ് പാലക്കാട്ടെ കെെക്കൂലി സംഭവം ഉണ്ടാക്കിയത്'; അഴിമതിക്കാരെ ഒരു രീതിയിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

Thursday 25 May 2023 12:57 PM IST

തിരുവനന്തപുരം: അഴിമതിക്കാരായ സർക്കാർ ജീവനക്കാർക്ക് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അഴിമതിയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ കേരള മുൻസിപ്പൽ കേർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് പ്രതികരണം.

സർക്കാർ ജീവനക്കാരിൽ എല്ലാവരും അഴിമതിക്കാരല്ലെന്നും സത്യസന്ധമായി സർവീസ് ജീവിതം നയിക്കുന്നവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ ഇടപെടണം. ആ ഇടപെടൽ അയാളെ തിരുത്തുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതിക്കാരെ ഒരു രീതിയിലും സംരക്ഷിക്കില്ലെന്ന സർക്കാർ നിലപാട് ജീവനക്കാർ മനസിലാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 'എന്ത് മാത്രം ദുഷ്പേരാണ് പാലക്കാട്ടെ കെെക്കൂലി സംഭവം ഉണ്ടാക്കിയതെന്ന് നമുക്ക് അറിയാം. അപ്പോൾ അത്തരം സംഭവങ്ങളിൽ ഗൗരവമായി ഇടപെടണം. ഒരുപാട് പരാതികൾ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ചിലത് സാങ്കേതിക പ്രശ്നമാണ്. പക്ഷേ നാം എപ്പോഴും ജനപക്ഷത്തായിരിക്കണമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.