ചെയ്യാത്ത റോഡ് പണിയ്ക്ക് കരാറുകാരന് പണം അനുവദിച്ചു, പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് മന്ത്രി റിയാസ്

Thursday 25 May 2023 6:55 PM IST

തിരുവനന്തപുരം: ചെയ്യാത്ത റോഡ് പണിയുടെ പേരിൽ പണമനുവദിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മല്ലശ്ശേരി-പ്രമാടം റോഡിലെ പണിയുടെ പേരിൽ ബില്ലുമാറിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിനു, അസിസ്റ്റന്റ് എൻജിനീയർ അ‌ഞ്ജു സലീം എന്നിവരെ സ‌‌സ്പെൻഡ് ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് കൃത്രിമം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപപടി സ്വീകരിച്ചത്.

നടപടി നേരിട്ട ഉദ്യോഗസ്ഥർ മല്ലശ്ശേരി-പ്രമാടം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാതെ തന്നെ കരാറുകാരന് ബില്ല് മാറി നൽകുകയായിരുന്നു. ചെയ്യാത്ത റോഡ് നിർമാണത്തിന്റെ പേരിൽ അഞ്ച് ലക്ഷം രൂപയാണ് ഇവർ അനുവദിച്ച് നൽകിയത്. അതേസമയം കഴിഞ്ഞ മാർച്ച് 23-ന് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പിന്റെ ആർകിടെക്ട് വിങിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ഭരണത്തിലും, പ്രവർത്തനത്തിലും ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.

പ്രധാനപ്പെട്ട രജിസ്റ്ററുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നതിൽ ഉൾപ്പെടെ ഗുരുതരമായ വീഴ്ചയുണ്ടായതായും ജീവനക്കാരിൽ പലരും കൃത്യ സമയത്ത് ഹാജരാകാറില്ല എന്നതും വ്യക്തമായതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു, മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം ചീഫ് ആർക്കിടെക്ടിനെയും ഡെപ്യൂട്ടി ചീഫ് ആർക്കിടെക്ടിനെയുമാണ് സസ്പെൻഡ് ചെയ്തത്.