അഴിമതിക്കെതിരെ പ്രസംഗം മതിയോ?​

Friday 26 May 2023 12:00 AM IST

കൈക്കൂലി കാൻസർ പോലെ പടരുന്നത് കണ്ടിട്ടും ഭരണസംവിധാനങ്ങൾ മൗനം പാലിക്കുന്നത് സമൂഹത്തെ വലിയ വിപത്തിലേക്കാണ് നയിക്കുന്നത്. ഒരു സർവീസ് കാലം കൊണ്ട് സർക്കാർ കൊടുക്കുന്ന ശമ്പളത്തിന്റെ പതിനായിരം ഇരട്ടിവരെ അഴിമതിയിലൂടെയും കൈക്കൂലിയിലൂടെയും സമ്പാദിക്കുന്ന വലിയൊരു ഉദ്യോഗസ്ഥ സമൂഹം ഇവിടെ വളർന്നുവരുന്നു. ഈ പ്രവണത നാടിന്റെ ഭാവിതന്നെ അപകടത്തിലാക്കുമെന്നതിൽ തർക്കമില്ല. അഴിമതി നടത്തുന്നവനെ മിടുക്കനെന്ന് വാഴ്ത്തുന്ന തരത്തിൽ ആളുകളുടെ മനോഭാവവും മാറിയെന്നതാണ് സത്യം. കൈക്കൂലി നല്കാനില്ലാത്ത പാവപ്പെട്ടവരുടെ ജീവിതം ഇരുളടയുന്നതാണ് കൈക്കൂലിയുടെ മറ്റൊരു ക്രൂരമായ പ്രത്യാഘാതം. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഭരണാധികാരികൾ ഇനിയെങ്കിലും കാപട്യവും ഇരട്ടത്താപ്പും ഉപേക്ഷിക്കണം. ഒരു വശത്ത് ഫയലുകളും ജീവിതവും തമ്മിൽ താരതമ്യപ്പെടുത്തുന്നവർ മറുവശത്ത് അഴിമതിക്ക് ഉത്തമദൃഷ്‌ടാന്തങ്ങളായി മാറുകയാണോ എന്ന് ജനം സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ?​

വേണി വിശ്വൻ

മാന്നാർ

വന്യമൃഗങ്ങളുടെ

കടന്നുകയറ്റത്തിന് കാരണം

കാട്ടിലെ നീർച്ചാലുകൾ വറ്റിവരണ്ടതും കാട്ടിൽ പച്ചപ്പ് കുറഞ്ഞതുമെല്ലാം വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള കടന്നുകയറ്രത്തിന് കാരണമായിട്ടുണ്ട്. വനാതിർത്തികളിലെ കൃഷിയിടങ്ങളാണ് മൃഗങ്ങൾ നശിപ്പിക്കുന്നത്. ഇതിനൊന്നും പരിഹാരം കാണാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. സത്യത്തിൽ ജനവഞ്ചന കാട്ടുന്നത് ഭരണാധികാരികളാണ്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഈ പോരാട്ടത്തിന് എന്ന് അറുതിവരും. ശാശ്വതപരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ കാട്ടുപോത്തിന്റെയും കാട്ടാനയുടേയും കാട്ടുപന്നിയുടേയും ആക്രമണത്തിൽ നിരവധി ജീവനുകൾ പൊലിയുമെന്ന് ഉറപ്പാണ്.

ജോസ്. കെ ജോസഫ്

കട്ടപ്പന

രാസലഹരിയുടെ

പിടിയിലായ കേരളം

കേരളത്തിലേക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകിയെത്തുന്ന വാർത്തകർ അതീവ ആശങ്കയോടെയേ കാണാനാകൂ. വിദേശത്ത് നിന്നുൾപ്പെടെയുള്ള സംഘങ്ങൾ കേരളത്തിലെ കൊച്ചി പോലുള്ള നഗരങ്ങളിൽ വലിയ സ്വാധീനം വളർത്തിയെടുത്തിട്ടുണ്ട്. സിന്തറ്റിക് ലഹരിയാണ് വലിയ ഭീഷണി. തുച്ഛമായ മുതൽ മുടക്കിൽ വൻ ലാഭം കൊയ്യുന്ന സംഘങ്ങൾ വരുംതലമുറയെ ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തെ പതിനേഴിനും മുപ്പതിനും ഇടയിലുള്ള വലിയൊരു വിഭാഗം ചെറുപ്പക്കാർ സിന്തറ്റിക് ലഹരിക്ക് അടിമകളാണ്. മെഡിക്കൽ - എൻജിനീയറിംഗ് ,​ മാനേജ്മെന്റ് വിദ്യാർത്ഥികൾ, ഐ.ടി പ്രൊഫഷണലുകൾ,സിനിമ എന്നിവയിലേക്കെല്ലാം രാസലഹരി പടർന്നുകയറിയിട്ടുണ്ട്. ലഹരി വലയിൽ കുരുങ്ങുന്ന പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനും ഇരയാകുന്നു. രാഷ്ട്രീയക്കാരും ഭരണാധികാരികളും വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം നാടിന്റെ ഭാവിയെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തിയാൽ മാത്രമേ ഈ വിപത്തിനെ കരിച്ച് ഇല്ലാതാക്കാനാകൂ.

അജിത്ത് കുമാർ .കെ

ബാലരാമപുരം

പൊലീസ് സേനയെ

ആര് ശുദ്ധീകരിക്കും ?​

പണ്ടൊക്കെ കൈക്കൂലിയുടെ പേരിലായിരുന്നു നമ്മുടെ പൊലീസ് ഒരു കളങ്കിതരായിരുന്നത്. എന്നാൽ കാലംപോകെ ലഹരി കടത്ത്,​ അനാശാസ്യ കേന്ദ്രം നടത്തിപ്പ്,​ തുടങ്ങി കേട്ടാലറയ്‌ക്കുന്ന പ്രവൃത്തികളിൽ വരെ ഏർപ്പെടുന്നവരുണ്ട് നമ്മുടെ പൊലീസ് സേനയിൽ . ചെറിയൊരു ശതമാനമാണെങ്കിലും ഇവർ പൊലീസ് സേനയ്ക്കാകെയാണ് കളങ്കം വരുത്തുന്നത്. രാഷ്ട്രീയക്കാരാണ് പൊലീസിനെ ദുഷിപ്പിക്കുന്നത് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തണം. പുഴുക്കുത്തുകളെ നീക്കം ചെയ്‌ത് ശുദ്ധീകരിക്കാൻ കഴിയാത്തവർ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ എന്താണ് അർത്ഥം.

പ്രദീപ് കുമാർ. എസ്.

മാവേലിക്കര

Advertisement
Advertisement