പാലക്കയം കൈക്കൂലി:അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്

Friday 26 May 2023 12:59 AM IST

ജില്ലയിലെ മറ്റ് വില്ലേജ് ഓഫീസുകൾ നിരീക്ഷണത്തിൽ

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസിന് പിന്നാലെ ജില്ലയിലെ കൂടുതൽ വില്ലേജ് ഓഫീസുകൾ വിജിലൻസ് നിരീക്ഷണത്തിൽ. പാലക്കയം വില്ലേജ് ഓഫീസർക്കും വിഹിതം കൊടുക്കണമെന്നു പറഞ്ഞാണ് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ പലരിൽ നിന്നും കൈക്കൂലി വാങ്ങിയത്. അതിനാൽ അവിടത്തെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും വിജിലൻസ് അന്വേഷണം നീളും.

വില്ലേജ് ഓഫീസറുടെ അറിവില്ലാതെ എങ്ങനെ ഇത്രയേറെ ആളുകളിൽ നിന്ന് പണം വാങ്ങുമെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.

പരാതികളെ തുടർന്ന് ഒരു മാസമായി സുരേഷ് വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങുന്ന ഇയാളുടെ ഇടപാടുകൾ അതീവ ജാഗ്രതയോടെയായിരുന്നു. പണം ഫോണിലൂടെ ആവശ്യപ്പെടില്ല. നേരിട്ട് സംസാരിച്ചാണ് ഇടപാടുകൾ നടത്തിയത്.

 സാധാരണക്കാരെ മുതലെടുത്തു

സുരേഷ് കുമാർ തഴച്ചുവളർന്നത് സാധാരണക്കാരുടെ നിസഹായാവസ്ഥ മുതലെടുത്താണ്. സർവേ പൂർത്തിയാക്കാത്ത പ്രദേശങ്ങളായതിനാൽ ആളുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി നിത്യവും വില്ലേജ് ഓഫീസിനെ ആശ്രയിക്കണം.

പാലക്കയം സ്വദേശി ജോഷി എബ്രഹാം മകൾക്കായി വിദ്യാഭ്യാസ വായ്‌പയ്‌ക്ക് അപേക്ഷ നൽകിയെങ്കിലും കൈക്കൂലി കൊടുക്കാത്തതിനാൽ നടപടിയായില്ല. അഞ്ച് സെന്റ് പോക്കുവരവു ചെയ്യാൻ 2,000 രൂപ ചോദിച്ച വില്ലേജ് അസിസ്റ്റന്റിനെ ഓഫീസിൽ നിന്ന് വിളിച്ചിറക്കി കൈകാര്യം ചെയ്യേണ്ടി വന്നതായി അട്ടപ്പാടി ആനക്കല്ല് സ്വദേശി പറയുന്നു. കൂലിപ്പണി ചെയ്‌തുണ്ടാക്കിയ പണം സുരേഷ് കുമാറിന് കൈക്കൂലിയായി നൽകിയ അനുഭവമാണ് പാലക്കയത്തെ തങ്കച്ചനുള്ളത്. സുരേഷിന് കൈക്കൂലി കൊടുക്കാത്തവർ പാലക്കയത്തെ ഒരു വീട്ടിലും ഉണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു.

തച്ചമ്പാറ, തെങ്കര, കരിമ്പ, കാഞ്ഞിരപ്പാറ പഞ്ചായത്തുകളിലെ മലയോരമേഖല ഉൾപ്പെടുന്നതാണ് പാലക്കയം വില്ലേജ് ഓഫീസ്. ആനമൂളി മുതൽ മുണ്ടൂർവരെയാണ് ഇതിന്റെ പരിധി. 30 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാലേ വില്ലേജ് ഓഫീസിൽ എത്താനാകൂ. കർഷകരും കൂലിപ്പണിക്കാരും ടാപ്പിംഗ് തൊഴിലാളികളും ഉൾപ്പെടെ ഒരു ദിവസത്തെ പണി മാറ്റിവച്ചാകും വില്ലേജ് ഓഫീസിലെത്തുക. കൈക്കൂലി നൽകിയില്ലെങ്കിൽ ഇത്രയും ദൂരം പിന്നെയും വരേണ്ടിവരും. അതിനാൽ കടം വാങ്ങിയാണെങ്കിലും കൈക്കൂലി നൽകും.

Advertisement
Advertisement