അഴിമതിക്കാരെ വീട്ടിലിരുത്തും, ക‍‌ർശന ശുപാർശയുമായി വിജിലൻസ്

Friday 26 May 2023 4:17 AM IST

 വകുപ്പുതല അന്വേഷണത്തോടെ നടപടി

 പരിശോധനകളും വിചാരണയും നീളരുത്

തിരുവനന്തപുരം: കൈക്കൂലിക്ക് പിടിയിലാകുന്ന ഉദ്യോഗസ്ഥരെ മൂന്നു മാസത്തിനകം വകുപ്പുതല അന്വേഷണം പൂർത്തിയാക്കി പിരിച്ചുവിടണമെന്ന് വിജിലൻസ് വകുപ്പ് ശുപാർശ ചെയ്തു. അഴിമതി,​ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ പ്രതിക്ക് അപ്പീലുണ്ടെങ്കിൽപ്പോലും സർവീസ് റൂൾ പ്രകാരം പിരിച്ചുവിടാം. വിജിലൻസ് ശുപാർശകൾ അതേപടി നടപ്പാക്കാൻ ചട്ടം ഭേദഗതി ചെയ്യേണ്ടിവരും.

എത്ര ശ്രമിച്ചിട്ടും റവന്യുവിലടക്കം അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകിയത്. വിചാരണ അനന്തമായി നീളുന്ന സാഹചര്യമാണ് നിലവിൽ. പരാതിക്കാരെ ഉപയോഗിച്ചുള്ള ട്രാപ്പ് ഓപ്പറേഷനാണ് വിജിലൻസ് നടത്തുന്നത്. അറസ്റ്റിലാവുന്നവർ ഒരാഴ്ച റിമാൻഡും ഒരുവർഷം സസ്പെൻഷനും കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും കൈക്കൂലി വാങ്ങുന്നു.

ട്രാപ്പ് ഓപ്പറേഷനൊപ്പം ശക്തമായ തെളുവും ശേഖരിക്കാറുണ്ട്. കെണിയൊരുക്കാൻ നൽകുന്ന നോട്ടിന്റെ സീരിയൽ നമ്പരുകൾ മുൻകൂട്ടി മജിസ്ട്രേട്ടിന് നൽകും. കൈക്കൂലി ആവശ്യപ്പെട്ടുള്ള ഫോൺവിളി, പരാതിക്കാരന്റെ മൊഴി എന്നീ രേഖകൾ ഹാജരാക്കും. ജില്ലാകളക്ടർ നിയോഗിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥൻ വിജിലൻസ് സംഘത്തിൽ സാക്ഷിയായുണ്ടാവും. ഈ ഉദ്യോഗസ്ഥന്റെ മൊഴി കോടതിയിൽ തെളിവാക്കും. കൈക്കൂലിക്കാരനെ പിടിക്കുന്നതിന്റെ വീഡിയോ-ഓഡിയോ ചിത്രീകരണവും നടത്തും. നോട്ടിൽ പുരട്ടിയ ഫിനോഫ്തലീൻ പുരണ്ട കൈ സോഡിയം ബൈകാർബണേറ്റ് ലായനിയിൽ മുക്കുമ്പോഴുള്ള നിറവ്യത്യാസം ശാസ്ത്രീയ തെളിവുമാക്കും.

ഇത്രയും തെളിവുകളോടെ കുറ്റപത്രം നൽകിയാലും വിചാരണ നടന്ന് ശിക്ഷവിധിക്കാൻ 8- 10 വർഷമെടുക്കുന്നു. അപ്പോഴേക്കും ഭൂരിഭാഗം പേരും സ്ഥാനക്കയറ്റമടക്കം നേടി വിരമിച്ചിരിക്കും. ചിലർ മരിച്ചിട്ടുണ്ടാവും. ഈ സാഹചര്യത്തിലാണ് ശക്തമായ തെളിവുകളുണ്ടെങ്കിൽ വകുപ്പുതല അന്വേഷണം നടത്തി മൂന്നു മാസംകൊണ്ട് പിരിച്ചുവിടണമെന്ന ശുപാർശ.

കഴിഞ്ഞവർഷം 45, ഇക്കൊല്ലം 23 ഉദ്യോഗസ്ഥർ കൈയോടെ പിടിയിലായിട്ടുണ്ട്. ഏറ്റവുമധികം റവന്യുവിലാണ്. 23ൽ 9 പേർ റവന്യു ഉദ്യോഗസ്ഥരാണ്. തദ്ദേശം-6, ആരോഗ്യം-4 എന്നിവ പിന്നാലെ. കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ട രജിസ്ട്രേഷൻ ജൂനിയർസൂപ്രണ്ടിനെ 2019ലും മണൽമാഫിയയിൽ നിന്ന് കൈക്കൂലിവാങ്ങിയ ഡിവൈ.എസ്.പിയെ 2017ലും എം.ബി.എ വിദ്യാർത്ഥിയിൽ നിന്ന് കോഴവാങ്ങിയ എം.ജി വാഴ്സിറ്റി അസിസ്റ്റന്റിനെ കഴിഞ്ഞവർഷവും പിരിച്ചുവിട്ടിരുന്നു.

അഴിമതി കുറയ്ക്കാം

1. വകുപ്പുകളിലെ സേവനം ഓൺലൈനാക്കുകയും സേവനാവകാശനിയമം നടപ്പാക്കുകയും ചെയ്താൽ അഴിമതി 80 ശതമാനം കുറയുമെന്ന് വിജിലൻസ്

2. ജനങ്ങളെ പലവട്ടം ഓഫീസിൽ വരുത്തുന്നതും മതിയായ കാരണമില്ലാതെ അപേക്ഷകൾ നിരസിക്കുന്നതും അവസാനിപ്പിക്കണം

ഇടപെടാം

അഴിമതിയുടെ വീഡിയോയും ചിത്രങ്ങളും 9447789100 വാട്സ്ആപ്പിൽ അയയ്ക്കാം.1064, 8592900900 ടോൾഫ്രീ നമ്പരുകളിലും വിവരമറിയിക്കാം.

അ​ഴി​മ​തി​ ​എ​ങ്ങ​നെ​ ​ന​ട​ത്താ​മെ​ന്ന് ​ഡോ​ക്ട​റേ​റ്റ് ​എ​ടു​ത്ത​വ​ർ​ ​ ​സ​ർ​വീ​സി​ലു​ണ്ട്.​ ​ ​എ​ന്നാ​ൽ​ ​എ​ല്ലാ​വ​രും​ ​അ​ഴി​മ​തി​ക്കാ​ര​ല്ല.​ ​അ​ഴി​മ​തി​ക്ക് ​പി​ടി​ക്ക​പ്പെ​ടു​ന്ന​ത് ​ചു​രു​ക്ക​മാ​ണ്.​ ​ -മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​

''ജോലി പോവുമെന്നുറപ്പായാൽ കൈക്കൂലിക്കാർക്ക് പേടിയുണ്ടാവും. ശുപാർശ നടപ്പാക്കുമെന്നാണ് പ്രതീക്ഷ""

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി

ട്രാപ്പ് കേസുകൾ

2019-----------17

2020-----------24

2021-----------30

2022-----------45

2023-----------23