ഇൻസ്റ്റയിൽ 250 M കൊഹ്‌ലി

Thursday 25 May 2023 11:01 PM IST

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ 250 മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായി വിസ്മയം സൃഷ്ടിച്ച് വിരാട് കൊഹ്‌ലി. ആഗോളതലത്തിൽ 250 M ഫോളോവേഴ്സുള്ള മൂന്നാമത്തെ മാത്രം കായികതാരമാണ് വിരാട്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും മാത്രമാണ് ഇക്കാര്യത്തിൽ വിരാടിന് മുന്നിലുള്ളത്.

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ വിരാട് ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് തുടർച്ചയായ രണ്ട് സെഞ്ച്വറികളുടെയും ആറ് അർദ്ധസെഞ്ച്വറികളുടെയും പിൻബലത്തോടെ 639 റൺസാണ് വിരാട് അടിച്ചുകൂട്ടിയത്. എന്നാൽ അവസാന മത്സരത്തിൽ തോറ്റതോടെ ആർ.സി.ബിക്ക് പ്ളേഓഫിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ സീസണിൽ രണ്ട് സെഞ്ച്വറി നേടിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കാഡ് വിരാട് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിലും വിരാട് തന്നെയാണ് മുന്നിൽ.

Advertisement
Advertisement