കാർത്തികേയൻ റിപ്പോർട്ട് ഫ്രീസറിൽ: എം.കെ. മുനീർ

Friday 26 May 2023 12:00 AM IST

കോഴിക്കോട്: ഹയർ സെക്കൻഡറി സീറ്റുകളിലെ അസന്തുലിത്വം സംബന്ധിച്ച കാർത്തികേയൻ റിപ്പോർട്ട് സർക്കാർ ഫ്രീസറിൽ വച്ചിരിക്കുകയാണെന്ന് എം.കെ.മുനീർ എം.എൽ.എ. മലബാർ ജില്ലകളിൽ ഹയർസെക്കൻഡറി സീറ്റ് വർദ്ധിപ്പിക്കാൻ സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലബാറിൽ 150ബാച്ചുകളെങ്കിലും കൂടുതലായി അനുവദിക്കണം. ഒരു ക്ലാസിൽ 50തിൽലധികം വിദ്യാർത്ഥികളെ ഇരുത്തരുതെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ മാർജിനൽ സീറ്റ് 30ശതമാനം വർദ്ധിപ്പിച്ചതോടെ ഒരു ക്ലാസിൽ എഴുപത്തിയഞ്ച് വിദ്യാർത്ഥികളുണ്ടാവുന്ന സാഹചര്യമാണ്. ഇത് പഠന നിലവാരത്തെ ബാധിക്കും. മലബാറിലെ കുട്ടികൾക്ക് ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരമില്ല. കഴിഞ്ഞ വർഷം സീറ്റ് കിട്ടാതെ ഓപ്പൺ സ്ട്രീമിൽ പഠിച്ച വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മലബാർ ജില്ലകളിലുള്ളവരാണെന്നും എം.കെ.മുനീർ പറഞ്ഞു.