അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവരുണ്ട്:മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതി എങ്ങനെ നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തവർ സർക്കാർ സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ എല്ലാവരും അഴിമതിക്കാരല്ല. അഴിമതിക്ക് പിടിക്കപ്പെടുന്നത് ചുരുക്കമാണ്. എന്നാൽ അവർ എല്ലാക്കാലത്തേക്കും രക്ഷപ്പെട്ടു പോകില്ല. ജനം എല്ലാം മനസിലാക്കുന്നുണ്ടെന്ന് ഓർക്കണം. തീർച്ചയായും പ്രയാസം നേരിടേണ്ടി വരും.
കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരത്തിൽ ഒരു ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം പിടിയിലായ വില്ലേജ് അസിസ്റ്റന്റ്. വില്ലേജ് ഓഫീസ് ചെറുതാണ്. അവിടെ ഒരാൾ വഴിവിട്ട് എല്ലാകാര്യങ്ങളും ചെയ്യുമ്പോൾ അവിടെയുള്ള മറ്റുള്ളവർ ' ഞാൻ അറിഞ്ഞില്ല. ഞാൻ അഴിമതി നടത്തിയിട്ടില്ല' എന്ന് പറയുന്ന അവസ്ഥ മാറണം. അടുത്തിരിക്കുന്ന ജീവനക്കാരൻ ശരിയായ രീതിയിലല്ല കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഇടപെടണം. ഒരു വില്ലേജ് അസിസ്റ്റന്റ് നടത്തിയ അഴിമതിമൂലം എത്രമാത്രം ദുഷ്‌പ്പേരാണ് വകുപ്പിനും നാടിനും ഉണ്ടായത്. ഇത്തരം കാര്യങ്ങളിൽ ഗൗരവമായി ഇടപെടാൻ സർവീസ് മേഖലയിലുള്ളവർക്കാകെ ഉത്തരവാദിത്വമുണ്ട്. അഴിമതിക്കാരായ കുറച്ചുപേരെ നിയന്ത്രിച്ചില്ലെങ്കിൽ മൊത്തം പേർക്കും ദുഷ്പ്പേര് കേൾക്കേണ്ടി വരും.
ജനങ്ങളുമായി ഏറ്റവും അടുത്തിടപെടുന്ന രണ്ട് വകുപ്പുകളാണ് റവന്യുവും തദ്ദേശവും. ഇവ രണ്ടിലും അഴിമതി ഇല്ലെന്ന് ഉറപ്പുവരുത്താൻ മുഴുവൻ ജീവനക്കാരും ജാഗ്രത പാലിക്കണം. അഴിമതിയിൽ പിടിയിലായ ഉദ്യോഗസ്ഥൻ ലോഡ്ജിലായിരുന്നു താമസം. വഴിവിട്ട കാര്യങ്ങൾക്ക് കേന്ദ്രമാക്കിയത് അവിടമാണ്. എല്ലാക്കാലവും ഇങ്ങനെ ചെയ്യാനാവില്ല. എല്ലാം ജനങ്ങൾ അറിയുന്നുണ്ട്. ജനങ്ങളുടെ സേവകരാണെന്ന ബോദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ് ഷൈൻ,സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,ജനറൽ സെക്രട്ടറി പി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.