ആരോഗ്യമേഖലയിൽ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കും:  മന്ത്രി രാജീവ്

Friday 26 May 2023 12:13 AM IST

തിരുവനന്തപുരം: ആരോഗ്യ പരിരക്ഷാ മേഖലയെ ശക്തിപ്പെടുത്താൻ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ലൈഫ് സയൻസ് മേഖലയിലെ വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് കെ.എസ്‌.ഐ.ഡി.സി സംഘടിപ്പിക്കുന്ന 'ബയോ കണക്ട് കേരള-2023" ഇൻഡസ്ട്രിയൽ കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.എസ്‌.ഐ.ഡി.സി എക്സിക്യുട്ടിവ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, കെ.എസ്‌.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, ഡി.എസ്.ടി മുൻ സെക്രട്ടറി പ്രൊഫ. ടി. രാമസ്വാമി, എയിംസ് ബയോടെക്‌നോളജിസ്റ്റ് പ്രൊഫ. ടി.പി. സിംഗ്, കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്ക് ഡയറക്ടർ ഡോ.സി.എൻ. രാംചന്ദ് എന്നിവർ സംസാരിച്ചു.

മുൻനിര കമ്പനികൾ, ഗവേഷണവികസന സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്നുൾപ്പെടെ 300 പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന 45 സ്റ്റാളുകളും കോൺക്ലേവിൽ ഒരുക്കിയിട്ടുണ്ട്. കോൺക്ലേവ് ഇന്ന് സമാപിക്കും.