കൈയെത്തും ദൂരെ പെരുമ്പളം പാലം...

Saturday 27 May 2023 12:55 AM IST

തൃപ്പൂണിത്തുറ: പെരുമ്പളം ദ്വീപിനെ വടുതലയുമായി ബന്ധിപ്പിക്കുന്ന വേമ്പനാട് കായലിന് കുറുകെയുള്ള പെരുമ്പളം - വടുതല പാലം നിർമ്മാണംഅവസാനഘട്ടത്തിൽ. ഒരുബോസ്ട്രിംഗ് ആർച്ച് മാതൃകയിലാണ് രൂപരേഖ. കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും ചെലവ് കൂടിയതും വലുതുമായ പാലമായി ഇത് മാറും.

35 മീറ്റർ നീളത്തിലുള്ള 27 ഗർഡറുകളും ദേശീയ ജലപാത കടന്ന് പോകുന്ന ഭാഗത്ത് 55 മീറ്റർ നീളത്തിൽ മൂന്നെണ്ണവും സ്ഥാപിക്കും. കരയിലെ രണ്ട് തൂണുകൾ അടക്കം 31 തൂണുകളിലാണ് പാലം ഉറപ്പിക്കുന്നത്. 1110 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റർ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതമുള്ള ഫുട്പാത്തുമുണ്ട്. ഇപ്പോൾ 35 മീറ്റർ നീളമുള്ള 26 ഗർഡറുകളുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഗർഡറുകളുടെ പണികൾ പുരോഗമിക്കുന്നു. ഊരാളുങ്കൽ ലേബർ സർവീസ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.

വടുതല ഭാഗത്ത് 300 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡിന്റെയും പെരുമ്പളം ഭാഗത്ത് 250 മീറ്റർ റോഡിന്റെയും സ്ഥലമെടുപ്പ് പൂർത്തിയായി. പെരുമ്പളത്ത് കരയിലെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. പദ്ധതി 2024 പകുതിയോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷ.

പാലമെന്ന സ്വപ്നം

15,000 ജനങ്ങൾ നിവസിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പാലം . യാത്ര ചെയ്യാൻ നിലവിൽ ബോട്ട്, ജങ്കാർ എന്നിവയെയാണ് ആശ്രയിക്കുന്നത്. രണ്ടും മൂന്നും ഘട്ടമായി പൂത്തോട്ടയേക്കൂടി പാലം മുഖേന ബന്ധിപ്പിക്കുന്നതോടെ എറണാകളം, ആലപ്പുഴ, കോട്ടയം ജില്ലകളുടെ സംഗമ ബിന്ദുവായി പെരുമ്പളം മാറും. അതോടെ ടൂറിസം മാപ്പിൽ പെരുമ്പളത്തിന് ഒരു വൻ കുതിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷ.

താറുമാറായി കിടക്കുന്ന പഞ്ചായത്ത് റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാതെ പാലം വന്നാലും വികസനം അസാദ്ധ്യമാണ് '

സാമൂഹ്യ പ്രവർത്തകൻ

എം.എസ്. ദേവരാജ്

'ടൂറിസത്തിലും റിയൽ എസ്റ്റേറ്റിലും കൂടുതൽ നിക്ഷേപങ്ങൾ വരുന്നതോടെ പഞ്ചായത്തിന്റെ വരുമാനം വർദ്ധിക്കുകയും ദ്വീപു നിവാസികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കാനും സാധിക്കും.

അഡ്വ. വി.വി. ആശ,

പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement