സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കേന്ദ്ര നടപടി; വായ്പാ പരിധിയിൽ നിന്ന് 7610 കോടി വെട്ടിക്കുറച്ചു

Friday 26 May 2023 7:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ നിന്ന് 7,610 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇതോടെ ദൈനംദിന ചിലവുകൾക്ക് അടക്കം സാമ്പത്തിക ഞെരുക്കമുണ്ടാകുമെന്നാണ് റിപ്പോർട്ട്. പുതുക്കിയ കണക്കുകൾ പ്രകാരം കേരളത്തിന് 15,390 കോടി രൂപ മാത്രമായിരിക്കും വായ്പയിനത്തിൽ ലഭിക്കുക. വിവിധ ആവശ്യങ്ങൾക്കായി ഇതിനോടകം തന്നെ 2,000 കോടി വായ്പയെടുത്തതിനാൽ കേന്ദ്രസർക്കാർ നടപടി കേരളത്തിന് കനത്ത തിരിച്ചടിയാണ്.

വായ്പ എടുക്കാനാവുന്ന തുകയെക്കുറിച്ചുള്ള വിവരം എത്രയാണെന്ന് കേന്ദ്രത്തോട് കേരളം നേരത്തെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോൾ അറിയിച്ചിരുന്ന 32,440 കോടിയിൽ നിന്ന് വൻ തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇപ്പോഴുള്ള വായ്പാ പരിധിയായ 15,390 കോടിയിൽ നിന്ന് 2,000 കോടി രണ്ട് മാസത്തെ പെൻഷൻ, ശമ്പളം എന്നീ ആവശ്യങ്ങൾക്കായി വായ്പ എടുത്തിരുന്നു. ഇതോടെ നിലവിലെ സാമ്പത്തിക വർഷത്തിൽ കേരളത്തിന് എടുക്കാവുന്ന വായ്പ 13,390 രൂപയായി ചുരുങ്ങി.

കഴിഞ്ഞ വർഷം വായ്പയിനത്തിൽ 23,000 കോടി ലഭിച്ച സ്ഥാനത്ത് വായ്പ പരിധി വെട്ടിക്കുറച്ചത്, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ചേക്കുമെന്നാണ് വിവരം. നികുതി വർദ്ധന പ്രാബല്യ ത്തിൽ വന്നത് മൂലം സംസ്ഥാനത്തിന്റെ വരുമാനത്തിൽ വർദ്ധനവുണ്ടെങ്കിലും ദൈനം ദിന ചിലവുകൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനത് പ്രാപ്തമല്ല എന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ.

.