ഡിനു ജോർജ് കോശിക്ക് ഗൂഗിളിന്റെ അംഗീകാരം , വാട്സ് ആപ്പിനെ വെല്ലാൻ മലയാളി 'ഇൻബോക്‌സ് '
തിരുവനന്തപുരം: രണ്ട് വർഷം മുമ്പ് വാട്സ് ആപ്പ് ഇന്ത്യയിൽ നിരോധിക്കുമെന്ന് കേട്ടപ്പോഴാണ് പകരം ഒന്ന് എന്ന ആശയം പത്തനംതിട്ട തുമ്പമൺ സ്വദേശി ഡിനു ജോർജ് കോശിയുടെ മനസിലുദിച്ചത്. ഈ 28കാരൻ വികസിപ്പിച്ച ഇൻബോക്സ് എന്ന പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്ഫോം ഗൂഗിളും കേന്ദ്ര ഐ.ടി മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടി.
ആയിരത്തിലേറെ സംരംഭങ്ങളിൽ നിന്ന് പട്ടികയിൽ വന്ന ഏക മലയാളി ആപ്പ് ആണിത്. ആപ്പിന്റെ നിലവാരം, സുരക്ഷ, രൂപകല്പന തുടങ്ങിയ ഘടകങ്ങളാണ് തിരഞ്ഞെടുപ്പിന് മാനദണ്ഡങ്ങളായത്. വാട്സ് ആപ്പിന്റെ സ്വകാര്യതയിൽ ആശങ്കകൾ ഉയരുമ്പോഴാണ് ഡിനുവിന്റെ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നത്.
ബിസിനസ് ചർച്ചകൾക്കാണ് ഇൻബോക്സ് ആദ്യം ഉപയോഗിച്ചത്. ചുരുങ്ങിയ കാലയളവിൽ പ്ലേസ്റ്റോറിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം ഡൗൺലോഡ് നേടി. ദിവസം മൂവായിരത്തിലധികം ഡൗൺലോഡ്.
ഗൂഗിളിന്റെ ആപ്പ്സ്കെയിൽ അക്കാഡമി പ്ലാറ്റ്ഫോമിൽ മികച്ച പരിശീലനം ഡിനുവിന്റെ ഇൻബോക്സിന് ലഭിക്കും. കൂടുതൽ ഇന്ത്യൻ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും ലോകോത്തര സംരംഭങ്ങളോട് മാറ്റുരയ്ക്കാൻ പ്രാപ്തമാക്കുകയുമാണ് ലക്ഷ്യം. തുടക്കത്തിൽ സാമ്പത്തിക സഹായം ഇല്ലെങ്കിലും വെഞ്ച്വർ ഫണ്ട് ഉൾപ്പെടെ ലഭിക്കാനുള്ള സാദ്ധ്യതകൾ പറഞ്ഞ് കൊടുക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സി.ഇ.ഒ പരിശീലനവും ആറ് മാസത്തെ മെന്റർഷിപ്പും ലഭിക്കും.
മൾട്ടിമീഡിയ ആപ്പ് ഡിസൈനർ കൂടിയായ ഡിനു ഇപ്പോൾ ഇയർ ലേറ്റർ എന്ന ടെക്ക് കമ്പനിയുടെ സി.ഇ.ഒ ആണ്. അച്ഛൻ കോശിയും സഹോദരൻ വിനുവും പിന്തുണയാണ്.
പ്രത്യേകതകൾ ഏറെ
വാട്സ് ആപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകൾ 256 ബിറ്റ്സ് എൻക്രിപ്ഷൻ മാത്രം നൽകുമ്പോൾ ഇൻബോക്സ് 448 ബിറ്റ്സ് എൻക്രിപ്ഷനാണ് നൽകുന്നത്
ചിത്രങ്ങളും വീഡിയോകളും ഇൻബോക്സിലൂടെ പങ്കുവച്ചാൽ സ്വീകർത്താവിന് മറ്റൊരാൾക്ക് പങ്കുവയ്ക്കാനോ ഡൗൺലോഡ് ചെയ്യാനോ സാധിക്കില്ല
വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് ചാറ്റിന് പ്രത്യേക ടാബുണ്ട്