സന്ധ്യ പടിയിറങ്ങുന്നു,​ ചരിത്രം കുറിക്കാതെ...

Saturday 27 May 2023 12:03 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യ വനിത എന്ന ചരിത്രം കുറിക്കേണ്ടിയിരുന്ന ഡി.ജി.പി ഡോ.ബി.സന്ധ്യ ആ സ്ഥാനത്തെത്താതെ ബുധനാഴ്ച സേനയുടെ പടിയിറങ്ങും.

ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ സന്ധ്യയെ തഴഞ്ഞ് ജൂനിയറായിരുന്ന അനിൽകാന്തിനെ സർക്കാർ പൊലീസ് മേധാവിയാക്കുകയായിരുന്നു. 2021നവംബറിൽ അനിൽകാന്തിന്റെ സർവീസ് രണ്ടുവർഷം നീട്ടിയതോടെ സന്ധ്യയുടെ വഴിയടഞ്ഞു. വിരമിച്ചാലും സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി സന്ധ്യ നിയമിക്കപ്പെട്ടേക്കും. അല്ലെങ്കിൽ അദ്ധ്യാപികയുടെ റോളിലായിരിക്കും ഇനി സന്ധ്യ.

പാലായിലെ സാധാരണ കുടുംബത്തിൽ നിന്ന് കഠിന പരിശ്രമത്തിലൂടെ പഠിച്ചുയർന്ന് 1988ൽ ഇരുപത്തിയഞ്ചാം വയസിൽ ഐ.പി.എസ് നേടിയ സന്ധ്യ, കുറ്റാന്വേഷകയായും സ്ത്രീസുരക്ഷാ പദ്ധതികളുടെ അമരക്കാരിയായും മികവു കാട്ടിയിട്ടുണ്ട്. പൊലീസിനൊപ്പം ജനങ്ങളെ അണിനിരത്തി ജനമൈത്രി പൊലീസിംഗിന് 2007ൽ തുടക്കമിട്ടത് സന്ധ്യയായിരുന്നു. ഇത് പിന്നീട് ലോകരാജ്യങ്ങൾ സ്വീകരിച്ച വിജയ മാതൃകയായി. ഫയർഫോഴ്സ്, ജയിൽ, പരിശീലനം, ബറ്റാലിയൻ മേധാവിയായും തിളങ്ങി. മികവുറ്റ സേവനത്തിന് 2006ലും 2014ലും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു.

പൊലീസിംഗിലും കവിതയിലും ഒരുപോലെ തിളങ്ങിയ സന്ധ്യ, യാത്രകളും പൊലീസിലെ അനുഭവങ്ങളും പ്രചോദനമാക്കി പത്ത് കൃതികൾ പ്രസിദ്ധീകരിച്ചു. താരാട്ട്, ബാലവാടി, റാന്തൽവിളക്ക്, നീർമരുതിലെ ഉപ്പൻ, സ്ത്രീശക്തി, നീലക്കൊടുവേലിയുടെ കാവൽക്കാരി, കൊച്ചുകൊച്ചു ഇതിഹാസങ്ങൾ, രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ, ശക്തിസീത, ഒരു പുഞ്ചിരി മറ്റുള്ളവർക്കായി എന്നിവയാണ് പുസ്തകങ്ങൾ. നീലക്കൊടുവേലിയുടെ കാവൽക്കാരിക്ക് ഇടശേരി അവാർഡും കുട്ടികളുടെ നോവലായ ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾക്ക് അബുദാബി ശക്തി അവാർഡും ലഭിച്ചു. 20 പൊലീസുകാരുടെ കഥകൾ എഡിറ്റ് ചെയ്ത് സല്യൂട്ട് എന്ന പുസ്തകവും പുറത്തിറക്കി. 'കേരളകൗമുദി'യിൽ 'മിഴിയോരം' എന്നപേരിൽ സന്ധ്യ പ്രതിവാരകോളം എഴുതിയിരുന്നു.

സുവോളജിയിൽ ബിരുദവും റാങ്കോടെ ബിരുദാനന്തരബിരുദവും നേടിയ സന്ധ്യ ബിറ്റ്സ് പിലാനിയിൽ നിന്ന് ഗവേഷണബിരുദവും ഓസ്ട്രേലിയയിൽ നിന്ന് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പരിശീലനവും നേടിയിട്ടുണ്ട്. സന്ധ്യക്ക് മുമ്പ് ഡി.ജി.പി റാങ്ക് ലഭിച്ച ഏക വനിത ആർ. ശ്രീലേഖയാണ്.

'വിഷമം മാദ്ധ്യമങ്ങളിലൂടെ പറയാനില്ല'

പൊലീസിന് വനിതാ മേധാവിയുണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് മേധാവിയെ നിശ്ചയിക്കുന്നവർ പറയട്ടെയെന്ന് സന്ധ്യ. വിഷമം മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നയാളല്ല ഞാൻ. കൂടുതൽ വനിതകൾക്ക് പൊലീസിലേക്ക് വരാവുന്ന സാഹചര്യമാണിന്ന്. 1988ൽ മൂന്ന് വനിതകളായിരുന്നു. ഇന്ന് 17വനിതകളുള്ള ഐ.പി.എസ് ബാച്ചായി. വിരമിച്ച ശേഷം എഴുത്തും വായനയും തുടരും. പിഎച്ച്ഡി ഉള്ളതിനാൽ അദ്ധ്യാപനത്തിലേക്കും കടക്കും.

Advertisement
Advertisement