വേനലവധി തീരുന്നു, ട്രെയിൻ ടിക്കറ്റില്ല

Saturday 27 May 2023 12:09 AM IST

തിരുവനന്തപുരം: അവധിക്കാലം തീരാറായതോടെ ട്രെയിനുകളിൽ വൻ തിരക്ക്. കേരളത്തിൽ നിന്ന് ചെന്നൈ, ബംഗളൂരു, മുംബയ്, ഡൽഹി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് കിട്ടാനില്ല, പലതിലും വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നതോടെ റിഗ്രറ്റ് (ഖേദം) രേഖപ്പെടുത്തിക്കഴിഞ്ഞു. അടുത്ത രണ്ടാഴ്ചത്തേക്ക് സ്ഥിതി ഇതുതന്നെയായിരിക്കുമെന്നാണ് സൂചന.

മലബാർ, മാവേലി, തിരുവനന്തപുരം എക്സ്പ്രസ്, വന്ദേഭാരത്, ജനശതാബ്ദി തുടങ്ങി കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലും സ്ഥി​തി​ വ്യത്യസ്തമല്ല.

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളും വെയ‌്റ്റിംഗ് ലിസ്റ്റിലാവുകയാണ്. തത്കാൽ ബുക്കിംഗ് തുടങ്ങിയാൽ മുഴുവൻ ടിക്കറ്റുകളും തീരാൻ 5 മിനിട്ട് പോലും വേണ്ടിവരുന്നില്ല.

പ്രീമിയം തത്കാലി​ന് സാധാരണ ടി​ക്കറ്റി​നേക്കാൾ അഞ്ചും എട്ടും മടങ്ങ് അധികമാണ് നിരക്ക്. മലബാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ലീപ്പറിൽ പോലും 1000 രൂപയിലേറെ നൽകേണ്ടിവരും. ഇതോടെ ജനറൽ കോച്ചുകളിലും കാലുകുത്താൻ ഇടമില്ലാത്ത തിരക്കായി​. കേരളത്തി​ൽ പലയി​ടത്തും ആറുവരി​ ഹൈവേയുടെ പണി​ നടക്കുന്നതി​നാൽ വാഹനങ്ങൾ വഴി​ തി​രി​ച്ചുവി​ടുന്നുണ്ട്. ഇത് കെ.എസ്.ആർ.ടി.സി​​യുടേത് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്രാസമയം കൂടാനി​ടയാക്കി​. ഇതും കൂടുതൽ പേർ ട്രെയി​ൻ യാത്ര തി​രഞ്ഞെടുക്കാൻ കാരണമായി​ട്ടുണ്ട്.

തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചെങ്കിലും ഫലമുണ്ടായില്ല. വേനലവധിക്ക് ദക്ഷിണ റെയിൽവേ 50 സ്പെഷ്യൽ ട്രെയിനുകൾ സർവീസിനിറക്കി 244 ട്രിപ്പുകളാണ് ഷെഡ്യൂൾ ചെയ്തത്.

ട്രെയിൻ ടിക്കറ്റ് കിട്ടാതായതോടെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്വകാര്യബസ് സർവീസുകൾക്ക് വൻ കൊയ്ത്താണ്. പലരും ബസിനെ ആശ്രയിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിക്കുന്നത്.

Advertisement
Advertisement