ഭക്ഷ്യധാന്യ ഉത്പാദനം വർദ്ധിച്ചു,​ 330 ദശലക്ഷം ടൺ

Saturday 27 May 2023 2:09 AM IST

ന്യൂഡൽഹി: രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനം വൻതോതിൽ വർദ്ധിച്ചതായി കേന്ദ്ര കൃഷി,​ കർഷകക്ഷേമ മന്ത്രാലയം അറിയിച്ചു. 2022-23 കാർഷിക വർഷത്തിൽ മൊത്തം ഭക്ഷ്യധാന്യ ഉത്പാദനം 330.5 ദശലക്ഷം ടൺ ആയി. മുൻവർഷത്തെ ഉത്പാദനത്തേക്കാൾ 15 ദശലക്ഷം ടൺ (4 ശതമാനത്തിലധികം) വർദ്ധനയാണ് ഉണ്ടായത്. കാലാവസ്ഥ വ്യതിയാനം ഗോതമ്പ് വിളകളെ കാര്യമായി ബാധിച്ചില്ല. ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ കനത്ത മഴ ഉണ്ടായെങ്കിലും ഉത്പാദനം കൂട്ടാൻ സാധിച്ചു.

കൂടുതൽ ഉത്പാദനം

ഭക്ഷ്യധാന്യങ്ങളിൽ അരി (135.5 ദശലക്ഷം ടൺ), ഗോതമ്പ് (112.7 ദശലക്ഷം ടൺ), ചോളം (35.9 ദശലക്ഷം ടൺ) എന്നിവയുടെ ഉത്പാദനം റെക്കാഡ് നേട്ടമാണ് ഉണ്ടാക്കിയത്. 2022-23 കാലയളവിൽ അരിയുടെ ആകെ ഉത്പാദനം 135.5 ദശലക്ഷം ടൺ എന്നത് മുൻവർഷത്തെ അപേക്ഷിച്ച് 6.7 ദശലക്ഷം ടൺ കൂടുതലാണ്. ഗോതമ്പ് ഉത്പാദനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് മില്ല്യൺ ടൺ വർദ്ധനയാണ് ഉണ്ടായത്.

പയർവർഗ്ഗങ്ങളുടേയും ധാന്യങ്ങളുടേയും ഉത്പാദനം 2021-22 വിള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നു. ഭക്ഷ്യധാന്യേതര വിഭാഗങ്ങളിൽ, എണ്ണക്കുരുക്കൾ (ഏകദേശം 41 മില്ല്യൺ ടൺ) ഉത്പാദിപ്പിച്ചു. 2021-22 ലെ ഉത്പാദനത്തേക്കാൾ 3 മെട്രിക് ടൺ കൂടുതലാണ്. കരിമ്പ് 2022-23 ൽ റെക്കാഡ് ഉത്പാദനം റിപ്പോർട്ട് ചെയ്തു. സോയാബീൻ ഉത്പാദനം 10.2 ഉം,​ കടുക് 12.4 ഉം മില്ല്യൺ ടൺ ആണ്.

Advertisement
Advertisement