നിയമസഭാ സംഘർഷം: പരാതികൾ എത്തിക്സ് കമ്മിറ്റിക്ക്
Saturday 27 May 2023 12:22 AM IST
തിരുവനന്തപുരം: കഴിഞ്ഞ സമ്മേളനകാലത്ത് സ്പീക്കറുടെ ചേംബറിന് മുന്നിലെ പ്രതിപക്ഷസമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ നിയമസഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറി സ്പീക്കർ എ.എൻ. ഷംസീർ. എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്, കെ.കെ. രമ, നജീബ് കാന്തപുരം എന്നിവരും പൊലീസ് അസോസിയേഷനും നിയമസഭയിലെ ചീഫ് മാർഷലും വെവ്വേറെ നൽകിയ പരാതികളാണ് സഭാസമിതിയുടെ പരിശോധനയ്ക്ക് വിട്ടത്.
സംഘർഷം മൊബൈൽഫോണിൽ ചിത്രീകരിച്ചതിന്റെ പേരിൽ മൂന്ന് മാദ്ധ്യമപ്രവർത്തകർക്കും എം.എൽ.എമാരിൽ ചിലരുടെ പി.എമാർക്കും താക്കീത് നൽകി പ്രശ്നം അവസാനിപ്പിക്കാനും തീരുമാനിച്ചു. ഇവരോട് നേരത്തേ സ്പീക്കർ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് താക്കീതിൽ നടപടിയവസാനിപ്പിക്കുന്നത്.