പൂങ്കാവ് - പ്രമാടം- പത്തനംതിട്ട റോഡ്: തർക്കത്തിൽ തട്ടി മറൂരിൽ പണി മുടങ്ങി
പ്രമാടം : ഉന്നത നിലവാരത്തിൽ നവീകരിച്ച പൂങ്കാവ് - പ്രമാടം- പത്തനംതിട്ട റോഡിൽ മറൂർ ഭാഗത്തെ പണി അനിശ്ചിതത്വത്തിൽ. പത്തനംതിട്ട നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗമാണിത്.
ഭൂമി വിട്ടുനൽകുന്നതിനെ ചൊല്ലി സ്വകാര്യ വ്യക്തിയുമായുള്ള തർക്കത്തെ തുടർന്നാണ് മറൂർ ആൽത്തറ ജംഗ്ഷനിലെ നാനൂറ് മീറ്റർ ഭാഗത്ത് നിർമ്മാണം നടക്കാത്തത്. തകർന്ന് തരിപ്പണമായി കിടക്കുകയാണ് ഇവിടം. മെറ്റൽ ഇളകി വലിയ കുഴികൾ രൂപപ്പെട്ട ഇവിടെ അപകടങ്ങൾ നടക്കാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു സംരക്ഷണ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഒരു വശത്ത് കാന എടുത്തിരിക്കുന്നത് അപകട ഭീഷണി വർദ്ധിപ്പിക്കുന്നു. ഈ ഭാഗത്ത് റോഡ് ഇടിഞ്ഞുതാഴുന്നുമുണ്ട്.
സ്വകാര്യ വക്തിയുമായി ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പലഭാഗത്തും റോഡിന് വീതി കൂട്ടാൻ ആളുകൾ ഭൂമി വിട്ടുനൽകിയിരുന്നു.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡ് ഉന്നതനിലവാരത്തിൽ നിർമ്മിച്ചത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക റോഡ് വികസന ഫണ്ടിൽ നിന്ന് ഏഴ് കോടി രൂപ ചെവിലാണ് നിർമ്മാണം. പ്രമാടം പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ റോഡുകൂടിയാണിത്.
തർക്കത്തിന് കാരണം
.റോഡ് വികസനത്തിന് ഒരു വശത്തെ വസ്തു മാത്രം ഏറ്റെടുക്കുന്നതിനെയാണ് സ്വകാര്യ വ്യക്തി ചോദ്യം ചെയ്ത് പരാതി നൽകിയിരിക്കുന്നത്. വസ്തു എത്രവേണമെങ്കിലും വിട്ടുനൽകാൻ തയ്യാറാണെന്നും മറുവശത്തെ വസ്തു കൂടി ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. എന്നാൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇതിന് തയ്യാറയായില്ല. ഇതാണ് തർക്കത്തിലും പരാതിയിലും കലാശിച്ചത്.
" പ്രശ്നങ്ങൾ പരിഹരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ദിവസേന അപകടങ്ങൾ വർദ്ധിച്ചുവരികയാണ്. റോഡിന്റെ ഒരു വശം ഇടിഞ്ഞുതാഴ്ന്നുതുടങ്ങി. ബസുകൾ സർവീസ് നിറുത്തുന്ന സ്ഥിതിയാണ്. പ്രശ്ന പരിഹാരത്തിന് അധികൃതരും വിട്ടുവീഴ്ചയ്ക്ക് പരാതിക്കാരനും തയ്യാറാകണം."
നാട്ടുകാർ
------------------------------------
.
റോഡിന് ഉന്നത നിലവാരം
നിർമ്മാണം : 7 കോടി രൂപ ചെലവിൽ
ദൂരം : 5 കിലോമീറ്റർ
ബി.എം ആൻഡ് ബി.സി ടാറിംഗ്.
പൈപ്പ് കൾവർട്ട് : 5
സ്‌ളാബ് കൾവർട്ട് : 2
സംരക്ഷണഭിത്തി : 300 മീറ്റർ
ഡ്രെയിനേജ് :1000 മീറ്റർ
ഐറിഷ് ഡ്രെയിനേജ്.: 2515 മീറ്റർ